Asianet News MalayalamAsianet News Malayalam

അവിനാശിയിൽ പൊലിഞ്ഞത്​ അമ്മയുടെ ജീവന്‍; ഭാര്യ ആശുപത്രിയിലും: ഹൃദയം പൊടിഞ്ഞ്​ പ്രവാസി

റിയാദിൽ മയിൻഹാർട്​​​ അറേബ്യ എന്ന കമ്പനിയിൽ ഡ്രൈവറാണ്​ സണ്ണി ജോൺ. 69 വയസുള്ള അമ്മയോട്​ സണ്ണിക്ക്​ അത്രയേറെ സ്​നേഹമായിരുന്നു​. അതുകൊണ്ടാണ്​, സാധാരണ പ്രവാസികളെല്ലാം തങ്ങളുടെ ഭാര്യയെയും മക്കളെയും ആദ്യം വിദേശത്തേക്ക്​ കൊണ്ടുവരുമ്പോൾ സണ്ണി അമ്മയെ തന്നെ ആദ്യം വിസിറ്റിങ്​ വിസയിൽ കൊണ്ടുവന്ന്​ റിയാദിൽ ആറുമാസത്തോളം തന്നോടൊപ്പം താമസിപ്പിച്ചത്​.

mother died in bus accident at avinsashi in Coimbatore a heart broken story of kerilte expatriate in saudi
Author
Riyadh Saudi Arabia, First Published Feb 21, 2020, 4:00 PM IST

തന്റെ പ്രിയപ്പെട്ട അമ്മയും ഭാര്യയും ഏകമകനും സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട വിവരമറിഞ്ഞാണ് വ്യാഴാഴ്​ച അതിരാവിലെ റിയാദിൽ​ സണ്ണി ജോണെന്ന പ്രവാസി ഉറക്കത്തിൽ നിന്ന്​ ഞെട്ടിയുണർന്നത്​. നിരവധിയാളുകൾ മരിച്ചെന്ന്​ ഒരു നിലവിളി പോലെ പറഞ്ഞ്​ നാട്ടിൽ നിന്നെത്തിയ ആ ഫോൺ കോൾ കട്ടായി. ഉടൻ ടിവി ചാനലുകൾ വെച്ച്​ നോക്കുമ്പോൾ കണ്ണിൽ ഇരുട്ടുകയറി. മരണപ്പെട്ടതായി എഴുതികാണിക്കുന്നതിൽ അമ്മയുടെയും ഭാര്യയുടെയും പേരുകൾ.

തലകറങ്ങി. എങ്ങനെയോ ഫോണെടുത്ത്​ കമ്പനിയിലെ മേലുദ്യോഗസ്​ഥനായ മലയാളിയോട്​ വിവരം പറഞ്ഞു​. നാട്ടിൽ പോകണമെന്ന്​ കൂടി പറഞ്ഞൊപ്പിച്ചപ്പോഴേക്കും ഹൃദയം പൊട്ടി കരച്ചിൽ ഉച്ചത്തിലായി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. യാത്രാരേഖകളെല്ലാം ശരിയായി. ഉച്ചക്കുള്ള വിമാനത്തിൽ ടിക്കറ്റും ഉറപ്പിച്ചു. അപ്പോഴേക്കും നാട്ടിൽ നിന്ന്​ കുറെക്കൂടി വ്യക്തമായ വിവരങ്ങളെത്തി. മരിച്ചത്​ അമ്മയാണ്​. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. 

വ്യാഴാഴ്​ച പുലർച്ചെ തമിഴ്​നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ ട്രൈലറിടിച്ച്​ അപകടത്തിൽ പെട്ട കെ.എസ്​.ആർ.ടി.സി ബസിലെ യാത്രക്കാരായിരുന്നു പാലക്കാട്​ ശാന്തി കോളനി നയങ്കര സ്വദേശി സണ്ണി ജോസഫിന്റെ അമ്മ റോസിലി ജോണും ഭാര്യ സോന സണ്ണിയും ഏക മകൻ അലൻ സണ്ണിയും. അമ്മ റോസിലി സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. അമ്മയുടെ തൊട്ടടുത്ത സീറ്റിലിരുന്ന സോനയും മകൻ അലനും ഇടയ്​ക്ക്​ മറ്റൊരു സീറ്റിലേക്ക്​ മാറിയിരുന്നിരുന്നു.

എന്നാൽ അപകടമുണ്ടായ ഉടനെ സീറ്റ്​ റിസർവ്​ ചെയ്​തവരുടെ ലിസ്​റ്റ്​ നോക്കി മരിച്ചവരുടെ കണക്ക്​ പുറത്തുവിട്ടപ്പോഴാണ്​ സോനയെ കൂടി ഉൾപ്പെടുത്തി വാർത്ത വന്നത്​. റിയാദിൽ മയിൻഹാർട്​​​ അറേബ്യ എന്ന കമ്പനിയിൽ ഡ്രൈവറാണ്​ സണ്ണി ജോൺ. 69 വയസുള്ള അമ്മയോട്​ സണ്ണിക്ക്​ അത്രയേറെ സ്​നേഹമായിരുന്നു​. അതുകൊണ്ടാണ്​, സാധാരണ പ്രവാസികളെല്ലാം തങ്ങളുടെ ഭാര്യയെയും മക്കളെയും ആദ്യം വിദേശത്തേക്ക്​ കൊണ്ടുവരുമ്പോൾ സണ്ണി അമ്മയെ തന്നെ ആദ്യം വിസിറ്റിങ്​ വിസയിൽ കൊണ്ടുവന്ന്​ റിയാദിൽ ആറുമാസത്തോളം തന്നോടൊപ്പം താമസിപ്പിച്ചത്​. അതിന്​ ശേഷം, നഴ്​സായ ഭാര്യയ്​ക്ക്​ റിയാദിലെ ഒരു ആശുപത്രിയിൽ ജോലി തരപ്പെടുത്തി ഇങ്ങോട്ട്​ കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു.

സ്​റ്റാഫ്​ നഴ്​സായി സൗദിയിലേക്ക്​ വരാനുള്ള മെഡിക്കൽ ലൈസൻസിന്​ വേണ്ടി പരീക്ഷയെഴുതാനാണ്​ സണ്ണിയുടെ ഭാര്യ സോന ബാംഗ്ലൂർക്ക്​ പോയത്​. അമ്മ റോസിലിയും മകൻ അലനും സോനയ്​ക്ക്​ കൂട്ടിന് പോയതാണ്​. ബാംഗ്ലൂരിലുള്ള​ സൗദി മെഡിക്കൽ കൗൺസിൽ സെൻററിലായിരുന്നു പ്രൊമെട്രിക് പരീക്ഷ. ജയിച്ചെന്ന റിസൾട്ടും ​ അപ്പോൾ തന്നെ അറിഞ്ഞ്​ അതിന്റെ സന്തോഷത്തിലുള്ള മടക്കയാത്രയായിരുന്നു. വൈകാതെ പ്രിയതമ റിയാദിലെത്തുമല്ലോ എന്ന സന്തോഷത്തിലായിരുന്നു സണ്ണിയും. ആ സന്തോഷങ്ങളെയാണ്​​ ട്രൈലറിന്റെ രൂപത്തിലെത്തിയ ദുരന്തം തകർത്തുകളഞ്ഞത്​.

കഴിഞ്ഞ വർഷം അവധിക്ക്​ നാട്ടിൽ ചെന്ന്​ അമ്മയെ റിയാദിലേക്ക്​ കൂട്ടി കൊണ്ടുവരു​േമ്പാൾ സണ്ണി വിമാനത്തിൽ അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്​ബുക്കിലെഴുതിയ കുറിപ്പ്​  ഇപ്പോൾ സുഹൃത്തുക്കൾ നിറമിഴിയോടെ വീണ്ടും വായിക്കുകയാണ്​. അത്രയ്​ക്കും ഇഷ്​ടമാണ്​ അമ്മച്ചിയെ എന്നാണ്​ അതിൽ എഴുതിയിരുന്നത്​. കുട്ടിക്കാലത്ത്​ അച്​ഛൻ മരിച്ച ശേഷം താനടക്കം മൂന്നുമക്കളെ പോറ്റിവളർത്തിയ അമ്മച്ചിയാണ്​ ത​ന്റെ ജീവിതത്തിലെ എല്ലാം, അതുകൊണ്ട്​ തന്നെ തന്റെ പ്രവാസത്തിലേക്ക്​ ആദ്യം കൊണ്ടുവരുന്നത്​ അമ്മയെ തന്നെയാകണമെന്നാണ്​ ആ​ഗ്രഹിച്ചതെന്നും അതിനുശേഷം ഭാര്യയേയും മകനേയും കൊണ്ടുവരാനാണ്​ തീർച്ചപ്പെടുത്തിയതെന്നും അന്നാ പോസ്​റ്റി​ൽ അയാളെഴുതിയിരുന്നു. ആ അമ്മയാണ്​ എന്നന്നേക്കുമായി യാത്ര പറഞ്ഞുപോയത്​. ഭാര്യ ശരീരത്തിനേറ്റ നിരവധി ഒടിവുകളുമായി പാലക്കാട്ടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും. മകൻ അലൻ മാത്രം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ നിന്ന്​ ഉച്ചക്കുള്ള വിമാനത്തിൽ പുറപ്പെട്ട സണ്ണി ​രാത്രിയോടെ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. 
 

Follow Us:
Download App:
  • android
  • ios