മൂന്ന് മാസം കഴിഞ്ഞ് യുവതി പിന്നീട് ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ സ്വീകരിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. 

ദുബൈ: നവജാത ശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞ യുവതിക്ക് ദുബൈ ക്രിമിനല്‍ കോടതി രണ്ട് മാസം ജയില്‍ ശിക്ഷ വിധിച്ചു. കുഞ്ഞിന്റെ സുരക്ഷ അപകടത്തിലാക്കിയത് കണക്കിലെടുത്ത് യുവതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു കോടതിയുടെ വിധി.

ദുബൈയിലെ ഒരു ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ചതിനാല്‍ പ്രസവം കഴിഞ്ഞയുടന്‍ തന്നെ പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്‍തു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാല്‍ കുഞ്ഞ് ഐ.സി.യുവില്‍ തന്നെ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 

മൂന്ന് മാസം കഴിഞ്ഞ് യുവതി പിന്നീട് ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ സ്വീകരിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് അമ്മയ്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങി. കുഞ്ഞിന്റെ സുരക്ഷ അപകടത്തിലാക്കിയത് പരിഗണിച്ച് നടപടികള്‍ സ്വീകരിച്ചെങ്കിലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ സ്വന്തം രാജ്യത്തേക്ക് കടന്നതായി പിന്നീട് കണ്ടെത്തുകയും ചെയ്‍തു. കേസില്‍ യുവതിയുടെ അസാന്നിദ്ധ്യത്തില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.