രാജ്യത്ത് സ്വദേശികളായ 400ഓളം ഡോക്ടര്‍മാര്‍ തൊഴില്‍ രഹിതരാണെന്നും മാരക രോഗങ്ങള്‍ക്ക് അടക്കമുള്ള മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്നും ഉള്‍പ്പെടെയുള്ള അരോപണങ്ങളുന്നയിച്ച് എം.പിമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിന്മേലാണ് ചര്‍ച്ച നടന്നത്.

മനാമ: ബഹ്റൈനില്‍ ആരോഗ്യ മേഖലയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും പുറത്താക്കണമെന്ന ആവശ്യവുമായി എം.പിമാര്‍. പ്രവാസികള്‍ക്ക് പകരം യോഗ്യരായ ബഹ്റൈനി പൗരന്മാരെ എത്രയും വേഗം നിയമിക്കണമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം സ്വയം വിരമിക്കലിലൂടെ ആരോഗ്യ മേഖലയില്‍ ഒഴിവുവന്ന 1323 തസ്തികകളില്‍ എത്രയും വേഗം സ്വദേശികളെ നിയമിച്ചുതുടങ്ങണമെന്നും ആവശ്യമുയര്‍ന്നു.

രാജ്യത്ത് സ്വദേശികളായ 400ഓളം ഡോക്ടര്‍മാര്‍ തൊഴില്‍ രഹിതരാണെന്നും മാരക രോഗങ്ങള്‍ക്ക് അടക്കമുള്ള മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്നും ഉള്‍പ്പെടെയുള്ള അരോപണങ്ങളുന്നയിച്ച് എം.പിമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിന്മേലാണ് ചര്‍ച്ച നടന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. ആരോഗ്യ മേഖലയില്‍ നഴ്‍സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ 9000 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നും അതേസമയം തന്നെ നൂറുകണക്കിന് ബഹ്റൈനികള്‍ ജോലിക്കായി കാത്തിരിക്കുകയും ചെയ്യുകയാണെന്ന് പാര്‍ലമെന്റ് അംഗം സൈനബ് അബ്‍ദുല്‍അമീര്‍ പറഞ്ഞു. സിവില്‍ സര്‍വീസ് ബ്യൂറോയും ആരോഗ്യ മന്ത്രാലയവും നോക്കിനില്‍ക്കുകയാണ്. എത്രയും വേഗം പ്രവാസികളെ ജോലികളില്‍ നിന്ന് പിരിച്ചുവിട്ട് ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ 400 നഴ്സുമാരുടെ നിയമനം നടത്തിയിരുന്നു. ഇവരില്‍ 150 ബഹ്റൈനികളും ബാക്കി 250 പേര്‍ ഇന്ത്യക്കാരുമാണ്. സ്വമേധയാ വിരമിക്കല്‍ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ കാരണം ജീവനക്കാരുടെ കുറവ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ നിയമനം. എന്നാല്‍ സ്വദേശികളുടെ തൊഴിലില്ലായ്മയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് എംപിമാരുടെ ആവശ്യം. ആരോഗ്യ രംഗത്ത് ബിരുദം നേടിയ നിരവധിപ്പേര്‍ ജോലിതേടി എം.പിമാരെ സമീപിക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ തൊഴില്‍ ബ്രോക്കര്‍മാരുടെ പണിയാണ് ചെയ്യേണ്ടിവരുന്നതെന്നും എം.പി അഹ്‍മദ് അല്‍ ദെമിസ്താനി ആക്ഷേപിച്ചു.