അനധികൃത ഹജ്ജ് തീർത്ഥാടകരെ തടയുന്നതിന്റെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ പുറത്തുവന്നിട്ടില്ല.   

റിയാദ് : ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള പുതിയ വിസ നയം സൗദി അറേബ്യ നടപ്പാക്കിയതായി റിപ്പോർട്ടുകൾ. ദീർഘകാല സന്ദർശന വിസകളിലൂടെ അനധികൃതമായി പ്രവേശിക്കുന്ന ഹജ്ജ് തീർത്ഥാടകരെ തടയുന്നതിന്റെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ, അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഈ തീരുമാനം ബാധിക്കുക. എന്നാൽ, ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോ​ഗികമായി പുറത്തുവന്നിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം, ഈ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിം​ഗിൾ എൻട്രി വിസക്ക് അപേക്ഷിക്കാം. ഈ വിസക്ക് 30 ദിവസത്തെ സാധുതയായിരിക്കും ഉണ്ടാകുക. ഇപ്രകാരം 30 ദിവസം രാജ്യത്ത് തങ്ങാവുന്നതുമാണ്. ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങൾ എന്നിവക്കായുള്ള ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണ് അനിശ്ചിതമായി നിർത്തിവെച്ചിരിക്കുന്നതെന്നും ഈ നിരോധനം താൽക്കാലികമാണെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

read more: മിനിമം ബാലൻസ്, ഡാറ്റ അപ്‌ഡേറ്റ്; ഫീസ് ഈടാക്കുന്നത് നിർത്തലാക്കാൻ നിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നുണ്ട്. സിം​ഗിൾ എൻട്രി വിസിറ്റ് വിസക്ക് മാത്രമാണ് നിലവിൽ അപേക്ഷ നൽകാൻ കഴിയുന്നത്. ഇത് സാങ്കേതിക പ്രശ്നമാണോ സേവനം താൽക്കാലികമായി നിർത്തിവെച്ചതാണോ എന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഔദ്യോ​ഗികമായി ലഭിക്കുമെന്നാണ് സൂചനകൾ.