1155 കിലോഗ്രാം മത്സ്യവും 270 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനകളില്‍ പറയുന്നു.

ദോഹ: ഖത്തറിലെ രണ്ടിടങ്ങളിലായി മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യവും ഉപയോഗ യോഗ്യമല്ലാത്ത മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. 1155 കിലോഗ്രാം മത്സ്യവും 270 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനകളില്‍ പറയുന്നു.

Scroll to load tweet…

ഉമ്മുസലാലിലെ സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആയിരത്തിലധികം കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഉമ്മുസലാല്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആകെ 1,155 കിലോഗ്രാം മത്സ്യം പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം ട്വീറ്റ് ചെയ്‍തു. അടുത്തിടെ മാത്രം 2,07,704 കിലോഗ്രാം മത്സ്യം അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

Scroll to load tweet…

അതേസമയം അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ ഇവിടുത്തെ തെരുവ് കച്ചവടക്കാരുടെ കൈയില്‍ നിന്നാണ് ഉപയോഗ യോഗ്യമല്ലാത്ത മാംസം കണ്ടെടുത്തത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ആകെ 270 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.