വിപുലമായ യോഗാ ദിനാഘോഷത്തിലേക്കുള്ള അൻപത് ദിവസ കൗണ്ട് ഡൗണിന്‍റെ ഭാഗമായാണ് ഇന്ത്യൻ എംബസിയില്‍ വിവിധ പരിപാടികൾ അരങ്ങേറിയത്.
മസ്കറ്റ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മസ്കറ്റ് ഇന്ത്യൻ എംബസിയിൽ കർട്ടൻ റെയ്‌സർ പരിപാടി സംഘടിപ്പിച്ചു. ഒമാനിലെമ്പാടുമുള്ള യോഗ ഗ്രൂപ്പുകൾ പതിവ് പരിശീലനത്തിന്‍റെ പ്രയോജനങ്ങൾ എടുത്തുകാണിക്കുന്ന വിവിധ യോഗ രൂപങ്ങൾ പ്രദർശിപ്പിച്ചു.
ഇന്ത്യൻ സ്ഥാനപതി ജിവി ശ്രീനിവാസ് പരിപാടികളിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. യോഗ ഒമാനിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും, ആരോഗ്യത്തിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നുവെന്നും സ്ഥാനപതി ശ്രീനിവാസ് ചൂണ്ടിക്കാട്ടി. പൊതു യോഗ പ്രോട്ടോക്കോൾ പിന്തുടരുന്ന യോഗ അഭ്യാസ്, സൂര്യ നമസ്‌കാരം, യോഗ നൃത്തം, ഭരതനാട്യം, സൗണ്ട് ബാത്ത്, ചിരി യോഗ തുടങ്ങിയവയായിരുന്നു പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.
Read Also - ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ നാല് ലക്ഷത്തിലേറെ മുറികൾക്ക് പെർമിറ്റ് നൽകി മക്ക മുനിസിപ്പാലിറ്റി
യോഗ, ശ്വാസം, ശരീരം, മനസ്സ് എന്നിവയെ അർത്ഥവത്തായ രീതിയിൽ എങ്ങനെ സംയോജിപ്പിക്കുന്നുവെന്ന് വിവിധ പ്രകടനങ്ങളിലൂടെ പ്രതിഫലിപ്പിച്ചു. യോഗ ലോകത്തിന് നൽകിയ ശാരീരികവും ആത്മീയവുമായ വൈദഗ്ധ്യത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നത്. ജൂൺ 21ലേക്ക് തയ്യാറാക്കിയിരിക്കുന്ന വിപുലമായ യോഗാ ദിനാഘോഷത്തിലേക്കുള്ള അൻപത് ദിവസ കൗണ്ട് ഡൌൺ ആയിട്ടായിരുന്നു മസ്കറ്റ് ഇന്ത്യൻ എംബസി അങ്കണത്തിൽ ഒരുക്കിയ ആഘോഷങ്ങൾ.

