കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ - വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. ക്യാമ്പില്‍ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി വേനൽ തുമ്പികള്‍ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ്‌ 15, 16 തീയതികളിലായി ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി ആയിരിക്കും ക്യാമ്പ് നടക്കുക.

ഒമാനിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനും വേനൽതുമ്പി ക്യാമ്പിന്റെ സ്ഥിര സാന്നിധ്യവുമായ പത്മനാഭൻ തലോറയാണ് ഇപ്രാവശ്യത്തെ ക്യാമ്പ് നയിക്കുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ - വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന - എഴുത്ത് - ചിത്രം - നാടകം - സംഗീതം - സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. 

കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങൾ ഒഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്. ക്യാമ്പില്‍ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 92338105 / 99845314 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read also: കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു