മയക്കുമരുന്നുകളും അപകടകരമായ മൂർച്ചയേറിയ ആയുധങ്ങളും കൈവശം വെച്ച യുവാവ് പിടിയില്‍. പതിവ് പട്രോളിംഗിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി യുവാവ് ഓടിച്ചിരുന്ന വാഹനം പിന്തുടര്‍ന്നത്. 

കുവൈത്ത് സിറ്റി: വിവിധയിനം മയക്കുമരുന്നുകളും അപകടകരമായ മൂർച്ചയേറിയ ആയുധങ്ങളും കൈവശം വെച്ച യുവാവ് കുവൈത്തിൽ അറസ്റ്റില്‍. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്യാൻ പ്രോസിക്യൂട്ടർ ഉത്തരവിട്ടു. അജ്ഞാതരായ പ്രതികൾ നടത്തിയ മോഷണ പരമ്പരകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.

പുലർച്ചെ നാല് മണിയോടെ സിക്സ്ത് റിംഗ് റോഡിൽ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്. റോഡിൽ മണിക്കൂറില്‍ 120 കിലോമീറ്റർ വേഗ പരിധി ഉണ്ടായിരുന്നിട്ടും, ഒരു വാഹനം അസ്വാഭാവികമായി വളരെ വേഗം കുറച്ച് നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് സംശയിച്ച് പട്രോൾ ഉദ്യോഗസ്ഥർ ലൈറ്റുകൾ ഓണാക്കി വാഹനം നിർത്താൻ ആവശ്യപ്പെട്ടു.

എന്നാൽ പട്രോളിംഗ് ലൈറ്റുകൾ കണ്ടതോടെ കറുത്ത ഫോർ വീൽ ഡ്രൈവ് വാഹനത്തിന്‍റെ ഡ്രൈവർ പെട്ടെന്ന് 150 കിലോമീറ്റർ വേഗതയിൽ പാഞ്ഞുപോയി. ഉടൻ തന്നെ കൂടുതൽ യൂണിറ്റുകൾ എത്തിച്ചുള്ള പിന്തുടരലിനൊടുവിൽ വാഹനത്തെ പിടികൂടുകയായിരുന്നു. പരിശോധനയിൽ അസ്വാഭാവികമായ അവസ്ഥയിലായിരുന്ന ഡ്രൈവറിൽ നിന്ന് അപകടകരമായ ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെടുത്തു. ഇയാളെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കും.