പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി നീറ്റ് സിറ്റി കോർഡിനേറ്റർ സെന്റര്‍ സൂപ്രണ്ടും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മീര റഹ്മാൻ അറിയിച്ചു. പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറ അടക്കമുള്ളവ തയ്യാറാക്കിയിട്ടുണ്ട്.
റിയാദ്: ഇപ്രാവശ്യത്തെ നീറ്റ് - യു.ജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവറ്റ്) ഞായറാഴ്ച്ച 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെ സൗദി അറേബ്യയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. 18 ലക്ഷത്തിൽ പരം കുട്ടികൾ എഴുതുന്ന ഈ പരീക്ഷ ലോകത്തിലെ ഏറ്റവും വലിയ ഓഫ്‌ലൈൻ പരീക്ഷകളിൽ ഒന്നാണ്. 500 ഓളം വിദ്യാർത്ഥികൾ ഇപ്രാവശ്യം പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമാം, ജുബൈൽ, അബഹ, കഫ്ജി, മജ്മ, ബുറൈദ, തബുക്ക്, തായിഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രവിശ്യകളിൽ നിന്നുള്ള വിദ്യാര്ഥികളെല്ലാം ഇന്നും നാളെയുമായി റിയാദിൽ എത്തും.
പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി നീറ്റ് സിറ്റി കോർഡിനേറ്റർ സെന്റര്‍ സൂപ്രണ്ടും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മീര റഹ്മാൻ അറിയിച്ചു. പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറ അടക്കമുള്ളവ തയ്യാറാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ നീറ്റ് പരീക്ഷയുടെ ഒബ്സർവർ ഇന്ത്യൻ സ്കൂളുകളുടെ ഒബ്സർവറുമായ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ മുഹമ്മ്ദ് ഷബീർ ആണ്. പൂർണ്ണമായും എംബസിയുടെ മേൽ നോട്ടത്തിലാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വർഷവും റിയാദ് ഇന്ത്യൻ സ്കൂൾ നീറ്റ് പരീക്ഷാ കേന്ദ്രമായിരുന്നു.
വിദ്യാർഥികൾ പരീക്ഷയുടെ വ്യവസ്ഥകൾ മനസിലാക്കി തയ്യാറെടുപ്പുകൾ നടത്തണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കുനൽകുന്ന അതേ പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കും നൽകേണ്ടതുണ്ട്. അതിന് ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കി കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.
പരീക്ഷ തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലെത്തുക. പരീക്ഷാകേന്ദ്രം രാവിലെ 8.30നു തുറക്കും. പരീക്ഷ 11.30 ആരംഭിക്കുന്നതെങ്കിലും 11നു ശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാ സമയമായ മൂന്നു മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ കഴിയൂ. അതിനാൽ പരീക്ഷാസമയം പൂർണമായും ഫലപ്രദമായും ഉപയോഗിക്കുക. പരീക്ഷാ കേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവാദമുള്ളൂ. ഇൻഫർമേഷൻ ബുള്ളറ്റിൽ നൽകിയ ഡ്രസ് കോഡ് നിർബന്ധമായും പാലിക്കണം.
കൈവശംവെക്കാൻ പാടുള്ള സാധനങ്ങൾ, പാടില്ലാത്ത സാധനങ്ങൾ എന്നിവ സംബന്ധിച്ചും മറ്റുവ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിലോ ഇൻഫർമേഷൻ ബുള്ളറ്റിലോ ഉണ്ടെങ്കിൽ അതും നിർബന്ധമായും പാലിക്കണം. തിരിച്ചറിയൽ കാർഡ് നിർബന്ധമായിരിക്കും. തിരിച്ചറിയൽ കാർഡിനെ കുറിച്ചുള്ള വിവരങ്ങൾ ഇൻഫോർ മേഷൻ ബുള്ളറ്റിനിൽ പറഞ്ഞ പ്രകാരം പാലിക്കപ്പെടുന്നതാണു.
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ഓരോ വിഷയത്തിലും രണ്ടുഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്ക് 720 മാർക്കാണ്.
