Asianet News MalayalamAsianet News Malayalam

റിയാദിൽ പുതിയ ബസ് സർവിസ് ആരംഭിച്ചു; രണ്ട് മണിക്കൂർ യാത്രക്ക് നാല് റിയാൽ

24 മണിക്കൂറും സർവിസുണ്ടാവും. രണ്ട് മണിക്കൂർ യാത്ര ചെയ്യാൻ നാല് റിയാലാണ് ടിക്കറ്റ് ചാർജ്. ബസിൽ കയറിയത് മുതൽ ഇറങ്ങുന്നതുവരെയുള്ള സമയമാണ് കണക്കാക്കുക. എന്നിട്ടും സമയം ബാക്കിയുണ്ടെങ്കിൽ അടുത്ത ബസുകളിൽ യാത്ര തുടരാം.

New bus service launched in Riyadh city the fare will be SAR 4 for two hours afe
Author
First Published Mar 21, 2023, 1:35 AM IST

റിയാദ്: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ‘റിയാദ് ബസ്’ സർവിസിന് തുടക്കം. ആദ്യ ഘട്ടമായി 15 റൂട്ടുകളിൽ 340 ബസുകളുടെ സർവിസാണ് ഞായറാഴ്ച ആരംഭിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. പച്ചയും ക്രീമും നിറത്തിലുള്ള ഈ ബസുകൾ നിരത്തിലിറങ്ങിയതോടെ ഇതുവരെ സർവിസ് നടത്തിയിരുന്ന സൗദി പബ്ലിക് ട്രാൻസ്‍പോർട്ട് കമ്പനിയുടെ (സാപ്റ്റ്കോ) ചുവന്ന ബസുകൾ പൂർണമായും ഒഴിവായി.

24 മണിക്കൂറും സർവിസുണ്ടാവും. രണ്ട് മണിക്കൂർ യാത്ര ചെയ്യാൻ നാല് റിയാലാണ് ടിക്കറ്റ് ചാർജ്. ബസിൽ കയറിയത് മുതൽ ഇറങ്ങുന്നതുവരെയുള്ള സമയമാണ് കണക്കാക്കുക. എന്നിട്ടും സമയം ബാക്കിയുണ്ടെങ്കിൽ അടുത്ത ബസുകളിൽ യാത്ര തുടരാം. അതായത് നാല് റിയാലിന് രണ്ട് മണിക്കൂർ നേരം ദിവസത്തിൽ ഏത് സമയത്തും എത്ര ബസുകളിലും മാറിമാറി യാത്ര ചെയ്യാം. ആദ്യ ദിനത്തിൽ യാത്ര പൂർണമായും സൗജന്യമായിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ ടിക്കറ്റ് എടുക്കണം.

ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന വെന്റിങ് മെഷീനുകളിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുക്കാം. ഇത് സമാർട്ട് കാർഡാണ്. റിയാദ് മെട്രോക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഈ കാർഡിന് ‘ദർബ്’ എന്നാണ് പേര്. കാർഡിന്റെ വില 10 റിയാലാണ്. വെൻറിങ് മെഷീനിൽ 10 റിയാൽ നൽകി കാർഡ് നേടിയാൽ അഞ്ച് റിയാൽ മുതൽ 150 റിയാൽ വരെ അതിൽ ടോപ്പ് അപ്പ് ചെയ്യാം. റിയാദ് മെട്രോ ആപ്പ്, വെബ്‍സൈറ്റ് എന്നിവ വഴിയും കാർഡ് എടുക്കാം. 

ബസിലുള്ള ഡിവൈസിൽ ബാങ്ക് എ.ടി.എം കാർഡ് സ്വയിപ്പ് ചെയ്തും ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ആറു വയസുവരെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. ബസിനുള്ളിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്റ്റോപ്പുകളുടെ പേരും അവിടേക്കുള്ള ദൂരവും എല്ലാം സ്ക്രീനിൽ കാണിക്കും.
15 റൂട്ടുകളിലായി 633 ബസ് സ്റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് നിലവിലെ സർവിസ്. അഞ്ചുഘട്ടമായുള്ള പദ്ധതി പൂർത്തിയായാൽ 86 റൂട്ടുകളിലായി 800 ലേറെ ബസുകൾ നഗരത്തിന്റെ മുക്കുമൂലകളെ ബന്ധിപ്പിച്ച് സർവിസ് നടത്തും. അപ്പോൾ ബസ് സ്റ്റോപ്പുകളുടെ എണ്ണം 2,900 ആയി ഉയരും. 

നിരത്തുകളിൽനിന്ന് സ്വകാര്യ വാഹനങ്ങളെ പരമാവധി കുറച്ച് റിയാദ് നഗരത്തെ ഗതാഗത കുരുക്കുകളിൽനിന്ന് മോചിപ്പിക്കുകയാണ് ബസ് പദ്ധതിയുടെ ലക്ഷ്യമെന്ന് റോൽ കമീഷൻ അറിയിച്ചു. എല്ലാ വിഭാഗം ആളുകളുടെയും യാത്രക്ക് ഈ ബസുകൾ സൗകര്യമൊരുക്കും. ബസ് റൂട്ടുകളെയും സമയത്തെയും ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങളെയും കുറിച്ച് അറിയാൻ www.riyadhbus.sa എന്ന പോർട്ടലും riyadh bus എന്ന ആപ്പും ആരംഭിച്ചിട്ടുണ്ട്. 
ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന വെന്റിങ് മെഷീനുകളിൽനിന്ന് കാർഡ് എടുക്കൽ എളുപ്പമാണ്. ഏത് സമയത്തും അവിടെ നിന്ന് ടോപ്പ് അപ്പ് ചെയ്യാനാവും. പരിസ്ഥിതി സൗഹൃദ ബസുകളാണ് സർവിസ് നടത്തുന്നതെന്നും ഇത് അന്തരീക്ഷ മലിനീകരണം കുറച്ച് നഗര പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിന് വലിയ സംഭാവന നൽകുമെന്നും റോയൽ കമീഷൻ അറിയിച്ചു. 

പൊതുഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഇപ്പോൾ ബസ് സർവിസ് ആരംഭിച്ചതാണെന്നും റിയാദ് മെട്രോ റെയിൽ ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ആറ് ലൈനുകളിലായി 176 കിലോമീറ്റർ ദൈർഘ്യവും 85 സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് മെട്രോ ട്രെയിൻ പദ്ധതി. ഇതും ബസ് പദ്ധതിയുടെ ബാക്കി ഘട്ടങ്ങളും 2024 അവസാനത്തോടെ പൂർണമായി ആരംഭിക്കുമെന്നും അവർ അറിയിച്ചു.

Read also: സൗദി അറേബ്യയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഹജ്ജ് തീർത്ഥാടകർ റമദാൻ പത്തിന് മുമ്പ് അപേക്ഷിക്കണം

Follow Us:
Download App:
  • android
  • ios