കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ‘എക്സ്പോ 2030’ നഗരി നിർമിക്കുക

റിയാദ്: ‘റിയാദ് എക്സ്പോ 2030’ നഗരിയുടെ നിർമാണത്തിനും നടത്തിപ്പിനുമായി സൗദി ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്) പുതിയ കമ്പനി ആരംഭിക്കുന്നു. ‘എക്സ്പോ 2030 റിയാദ് കമ്പനി’ എന്ന പേരിലുള്ള കമ്പനി ഫണ്ടിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ കമ്പനി ദീർഘകാലാടിസ്ഥാനത്തിൽ മുതലിറക്കി എക്സ്പോക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കുകയും മേള നടത്തിപ്പിക്കുകയും ചെയ്യും.

റിയാദ് നഗരത്തിന്റെ വടക്കുഭാഗത്ത് നിർദ്ദിഷ്ട കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ‘എക്സ്പോ 2030’ നഗരി നിർമിക്കുക. വേൾഡ് എക്സ്പോകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശന നഗരികളിൽ ഒന്നായിരിക്കും ഇത്. എക്സ്പോ നാല് കോടി ആളുകൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോ സമാപിച്ചുകഴിഞ്ഞാൽ ഈ നഗരി ഒരു ഗ്ലോബൽ വില്ലേജാക്കി മാറ്റി നിലനിർത്തും. ലോകത്തെ എല്ലാവിധ സാധനങ്ങളും ലഭിക്കുന്ന റിട്ടെയിൽ മാർക്കറ്റുകളുടെയും അന്താരാഷ്ട്ര റസ്റ്റോറൻ്റുകളുടെയും ബഹുമുഖ സാംസ്കാരിക വേദികളുടെയും ഒരു കേന്ദ്രമായിരിക്കും ഈ ഗ്ലോബൽ വില്ലേജ്. സുസ്ഥിര ടൂറിസത്തിൻ്റെ മാതൃകയായ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രവുമായി ഇത് മാറുമെന്നും പി.ഐ.എഫ് അധികൃതർ വിശദീകരിച്ചു.

പി.ഐ.എഫിന്റെ വൈവിധ്യമാർന്ന പ്രാദേശിക, ആഗോള സംവിധാനത്തിൽനിന്ന് കമ്പനിയിലേക്ക് നിക്ഷേപം ഒഴുക്കപ്പെടുമെന്ന് ഫണ്ട് ലോക്കൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ്സ് ജനറൽ ഡിപ്പാർട്ട്‌മെൻറ് മേധാവി സഅദ് അൽകറൂദ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഫണ്ടിന്റെ പദ്ധതിയുമായി സംയോജിപ്പിച്ചുള്ളതായിരിക്കും കമ്പനി രൂപവത്കരണം. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രാദേശിക സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്താനും വൈവിധ്യവൽക്കരിക്കാനും നഗര നവീകരണം പ്രോത്സാഹിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.

കമ്പനി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആരംഭിക്കും. നഗരിയുടെയും ആവശ്യമായ കെട്ടിടങ്ങളുടെയും നിർമാണം, സാംസ്കാരിക പരിപാടികൾക്കുള്ള വേദി, പരിപാടികളുടെ സംഘാടനം എന്നീ കാര്യങ്ങൾക്ക് അതത് മേഖലകളിലെ സ്വകാര്യ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളെ പങ്കാളികളായി ചേർക്കുമെന്നും അൽകറൂദ് പറഞ്ഞു. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് എക്സ്പോ പ്ലാൻ ചെയ്തിരിക്കുന്നത്. ആഗോള ബിസിനസുകളിലേക്കും കമ്പനികളിലേക്കും റിയാദ് നഗരത്തിെൻറ ആകർഷണം വർധിപ്പിക്കാനും ലോകത്തിലെ ഏറ്റവും വേഗത്തിൽ പരിവർത്തനത്തിന് വിധയേമാകുന്ന രാജ്യ തലസ്ഥാനങ്ങളിലൊന്നായി അതിൻ്റെ സ്ഥാനം ഉറപ്പിക്കാനും സുസ്ഥിരത, കണക്റ്റിവിറ്റി, ജീവിത നിലവാരം എന്നി ഉയർത്താനുതകുന്ന ആശയങ്ങൾ നടപ്പാക്കുന്നതിനും എക്സ്പോ സഹായിക്കുമെന്നാണ് കരുതുന്നത്.

നിർമാണ ഘട്ടത്തിൽ രാജ്യത്തിൻ്റെ ജി.ഡി.പിയിലേക്കുള്ള എക്സ്പോയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മൊത്തം സംഭാവന ഏകദേശം 241 ബില്യൺ സൗദി റിയാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പ്രത്യക്ഷവും പരോക്ഷവുമായ 171,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എക്സ്പോ ആരംഭിക്കുേമ്പാൾ ജി.ഡി.പിയിലേക്കുള്ള സംഭാവന ഏകദേശം 21 ബില്യൺ സൗദി റിയാലിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.