7000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള ആശുപത്രിയില്‍ 204 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവയില്‍ 48 എണ്ണം തീവ്രപരിചരണ വിഭാഗമായും ബാക്കി 156 ബെഡുകള്‍ അതീവ ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ചികിത്സ നല്‍കാനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 

ഷാര്‍ജ: കൊവിഡ് ചികിത്സക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കൊവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി ശൈഖ് സലീം ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്‍തത്.

7000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള ആശുപത്രിയില്‍ 204 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവയില്‍ 48 എണ്ണം തീവ്രപരിചരണ വിഭാഗമായും ബാക്കി 156 ബെഡുകള്‍ അതീവ ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ചികിത്സ നല്‍കാനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 75 ഡോക്ടര്‍മാരെയും 231 നഴ്‍സുമാരെയുമാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. 44 സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് പുറമെ ഇതര വിഭാഗങ്ങളിലും ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉന്നത ഗുണനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് ചികിത്സക്കായി ഏഴ് ഫീല്‍ഡ് ആശുപത്രികളാണ് യുഎഇയിലുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ മാസം തന്നെ അജ്‍മാനില്‍ ആദ്യ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഏഴ് ആശുപത്രികളിലുമായി 2058 കിടക്കകളാണ് സജ്ജമാക്കുക. ഇവയില്‍ 292 എണ്ണം തീവ്രപരിചരണ വിഭാഗത്തിലായിരിക്കും. അത്യാധുനിക സംവിധാനങ്ങള്‍ ഫീല്‍ഡ് ആശുപത്രികളില്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.