സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സ്ഥലങ്ങളും , മെച്ചപെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴിൽ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി

മസ്ക്കറ്റ്: ആഴ്ചയിൽ രണ്ട് ദിവസം തൊഴിലാളികൾക്ക് നിർബന്ധമായും അവധി നൽകണമെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങൾ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പരാതികൾ നേരിട്ട് നൽകുവാൻ ഓൺലൈൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സ്ഥലങ്ങളും , മെച്ചപെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴിൽ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മതിയായ സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്ത പക്ഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ പരാതി നൽകുവാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന സംഘത്തെയും മന്ത്രാലയം നിയമിച്ചു കഴിഞ്ഞു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ തക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യും. തൊഴിൽ നിയമത്തിന്റെ 71 ആം വകുപ്പ് അനുസരിച്ചു , അഞ്ചു പ്രവർത്തി ദിവസങ്ങൾക്കു ശേഷം, രണ്ടു ദിവസം കർശനമായും തൊഴിലാളികൾക്ക് അവധി നൽകണമെന്നാണ്. ഇത് ഒരു ദിവസമായി കുറക്കുവാൻ സ്ഥാപനങ്ങൾക്കു അധികാരം ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.