വിനോദ സഞ്ചാരികള്‍ക്കായി നിരവധി സ്ഥാപനങ്ങള്‍ ഡെസേര്‍ട്ട് സഫാരികള്‍ സംഘടിപ്പിക്കാറുണ്ട്. വരുന്ന മാസങ്ങളില്‍ തണുപ്പ് കുറയുന്നതോടെ ഇത്തരം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും.

ഷാര്‍ജ: മരുഭൂമിയിലൂടെ വാഹനം ഓടിക്കുന്നതിനും ഡെസേര്‍ട്ട് സഫാരി ടൂറിസം കമ്പനികള്‍ക്കും പ്രത്യേക ലൈന്‍സ് സംവിധാനം ഏര്‍പ്പെടുത്തി യുഎഇ. സെപ്തംബര്‍ 16 ഞായറാഴ്ച മുതല്‍ ഇത്തരം ലൈസന്‍സുകള്‍ നല്‍കി തുടങ്ങുമെന്ന് ഷാര്‍ജ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വിനോദ സഞ്ചാരികള്‍ക്കായി നിരവധി സ്ഥാപനങ്ങള്‍ ഡെസേര്‍ട്ട് സഫാരികള്‍ സംഘടിപ്പിക്കാറുണ്ട്. വരുന്ന മാസങ്ങളില്‍ തണുപ്പ് കുറയുന്നതോടെ ഇത്തരം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ മരുഭൂമിയിലൂടെ വാഹനം ഓടിച്ച് വേണ്ടത്ര പരിചയമില്ലാത്ത ഡ്രൈവര്‍മാരാണെങ്കില്‍ അപകടത്തില്‍പെടാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് ഷാര്‍ജ ലൈസന്‍സിങ് ഡയറക്ടറും കസ്റ്റമര്‍ ഹാപ്പിനെസ് സെന്റര്‍ തലവനുമായ കേണല്‍ അലി അല്‍ ബസൗദ് അറിയിച്ചു.

ലൈസന്‍സിനായി അപേക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിയറി, പ്രായോഗിക പരീക്ഷകള്‍ നടത്തും. മണല്‍ നിറഞ്ഞ സ്ഥലങ്ങളില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീശലനവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയാല്‍ എങ്ങനെ പുറത്തെടുക്കാമെന്നുള്ളതില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കുന്നതാണ് പദ്ധതി.