എല്ലാ അപേക്ഷകരും ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഫോട്ടോകളാണ് അപേക്ഷക്കൊപ്പം ഉൾപ്പെടുത്തേണ്ടത്.
ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് അപേക്ഷാ നിയമവുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. സെപ്തംബര്‍ ഒന്ന് മുതല്‍ അപേക്ഷകര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ബാധകമാകും. എല്ലാ അപേക്ഷകരും ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഫോട്ടോകളാണ് അപേക്ഷക്കൊപ്പം ഉൾപ്പെടുത്തേണ്ടത്. ആഗോളതലത്തിൽ യാത്രാരേഖകൾക്ക് ബയോമെട്രിക്, ഐഡന്റിറ്റി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനമാണ് ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷൻ.
ഫോട്ടോയുടെ ഫോർമാറ്റ്
630*810 പിക്സൽ വലിപ്പമുള്ള, വെളുത്ത പശ്ചാത്തലത്തിലുള്ള കളർ ഫോട്ടോ.
ഫോട്ടോ എടുക്കേണ്ട രീതി
ഫ്രെയിമിന്‍റെ 80-85% ഭാഗം തലയും തോളും വരുന്ന രീതിയിൽ അടുത്ത് നിന്ന് എടുക്കണം.
ചിത്രത്തിന്‍റെ ഗുണനിലവാരം
കമ്പ്യൂട്ടർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുകയോ ഫിൽട്ടറുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.
ചർമ്മത്തിന്‍റെ യഥാർത്ഥ നിറം വ്യക്തമായി കാണണം.
ഫോട്ടോ മങ്ങാൻ പാടില്ല.
ലൈറ്റിംഗ്
ഷാഡോ ഇല്ലാതെ, ഒരുപോലെ പ്രകാശമുള്ള സ്ഥലത്ത് വെച്ച് എടുക്കണം.
ഫ്ലാഷിന്റെ പ്രതിഫലനമോ തിളക്കമോ 'റെഡ്-ഐ' ഇഫക്ടോ ഉണ്ടാകാൻ പാടില്ല.
ശരിയായ ബ്രൈറ്റ്നസും കോൺട്രാസ്റ്റും ഉണ്ടായിരിക്കണം.
മുഖം
കണ്ണുകൾ തുറന്നിരിക്കണം, അവ്യക്തമായിരിക്കരുത് (മുടി കൊണ്ട് കണ്ണുകൾ മറയ്ക്കരുത്).
വായ അടച്ചിരിക്കണം.
തല നേരെയും ചരിവില്ലാതെയും മുന്നോട്ട് നോക്കുന്ന രീതിയിൽ ആയിരിക്കണം.
തലമുടി മുതൽ താടി വരെ മുഴുവൻ മുഖവും കാണണം.
അനുബന്ധ വസ്തുക്കളും വസ്ത്രങ്ങളും
ഗ്ലാസ് വെച്ച് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണം.
മതപരമായ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാം. എന്നാൽ, താടി മുതൽ നെറ്റി വരെയുള്ള മുഖഭാഗവും ഇരുവശങ്ങളും വ്യക്തമായി കാണണം.
ഭാവം- മുഖത്ത് നിഷ്പക്ഷവും സ്വാഭാവികവുമായ ഭാവം വേണം.
ക്യാമറ ദൂരം- ഫോട്ടോ 1.5 മീറ്റർ അകലെ നിന്ന് എടുക്കണം.
വിദേശകാര്യ മന്ത്രാലയം (MEA) പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി ലോകമെമ്പാടുമുള്ള എംബസികൾക്കും കോൺസുലേറ്റുകൾക്കും അയച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. "സെപ്തംബര്‍ 1, 2025 മുതൽ പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ ICAO മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ നിർബന്ധമാണ്," നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
