അബുദാബി: ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഞായറാഴ്ച മുതല്‍ അബുദാബിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. 

അബുദാബി നഗരത്തില്‍ കൂടുതല്‍ ഗതാഗതത്തിരക്കുള്ള രാവിലെ 6.30 മുതല്‍ 9 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെയും ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും പ്രവേശനമുണ്ടാകില്ല. അതുപോലെ അല്‍ ഐനില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മുതല്‍ 4.00 മണി വരെയും ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും വിലക്കുണ്ടാകും. 

അതേസമയം ദേശീയ അണുനശീകരണ പരിപാടി പൂര്‍ത്തിയായതിന് ശേഷവും അബുദാബിയില്‍ ഭാഗിക യാത്രാ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ക്ക് എമിറേറ്റിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയും പുറത്തുപോവുകയും ചെയ്യാം. എന്നാല്‍ അബുദാബിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രത്യേക അനുമതിയുള്ള വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇതിന് ഇളവുള്ളത്. അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഓണ്‍ലൈന്‍ വഴി പ്രത്യേക അപേക്ഷ നല്‍കണം.