2016 മോഡല്‍ കാറിന് 27,000 ദിര്‍ഹം വിലയിട്ടിരിക്കുന്നത് കണ്ടാണ് ഉടമയെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുമായി ബന്ധപ്പെടുന്നത്. വാട്സ്ആപ് വഴിയായിരുന്നു ആശയവിനിമയം. ഇത്തരം കാറുകള്‍ക്ക് സാധാരണ 40,000 മുതല്‍ 55,000 ദിര്‍ഹം വരെ വിലയുള്ളപ്പോഴാണ് കുറഞ്ഞ വിലയില്‍ വാഹനം വില്‍ക്കുന്നയാളെ കണ്ടെത്തിയത്. 

പഴയ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും വെബ്സൈറ്റുകള്‍ നിരവധിയാണിപ്പോള്‍. എന്നാല്‍ ഇത്തരം പരസ്യം കണ്ട് ഗള്‍ഫില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചവരില്‍ നിരവധിപ്പേര്‍ കബളിപ്പിക്കപ്പെട്ട കഥകളാണ് പങ്കുവെയ്ക്കുന്നത്. ഇന്ത്യക്കാരുമുണ്ട് ഇത്തരത്തില്‍ പണം നഷ്ടമായവരില്‍. വാഹനം നേരിട്ട് കണ്ട് പരിശോധിക്കാതെയും മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പുവരുത്താതെയും പണം നല്‍കരുതെന്നാണ് കെണിയില്‍ വീണവരുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

2016 മോഡല്‍ കാറിന് 27,000 ദിര്‍ഹം വിലയിട്ടിരിക്കുന്നത് കണ്ടാണ് ഉടമയെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുമായി ബന്ധപ്പെടുന്നത്. വാട്സ്ആപ് വഴിയായിരുന്നു ആശയവിനിമയം. ഇത്തരം കാറുകള്‍ക്ക് സാധാരണ 40,000 മുതല്‍ 55,000 ദിര്‍ഹം വരെ വിലയുള്ളപ്പോഴാണ് കുറഞ്ഞ വിലയില്‍ വാഹനം വില്‍ക്കുന്നയാളെ കണ്ടെത്തിയത്. ഏറെനേരം വാട്സ്ആപ് വഴി സംസാരിച്ച് വില 26,000ല്‍ നിജപ്പെടുത്തി. താന്‍ ജപ്പാനിലാണെന്നും തന്റെ സ്വന്തം കാറാണ് വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. തന്റെ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരില്‍ ഒരു ഇന്ത്യക്കാരന്റെ ലൈസന്‍സ് പകര്‍പ്പാണ് ഓണ്‍ലൈനായി കൈമാറിയത്. ഈ ഇന്ത്യക്കാരനും സമാന രീതിയില്‍ കബളിപ്പിക്കപ്പെട്ടയാളായിരുന്നു.

വിലയുറപ്പിച്ച ശേഷം ഒരു കാര്‍ഗോ സ്ഥാപനത്തിന്റെ കോണ്‍ട്രാക്ട് രേഖകള്‍ അയച്ചുകൊടത്തു. തന്റെ പൂര്‍ണവിലാസത്തിനൊപ്പം ഐഡിയുടെയോ പാസ്‍പോര്‍ട്ടിന്റെയോ പകര്‍പ്പും തിരികെ അയക്കാന്‍ ആവശ്യപ്പെട്ടു. ഇത് കഴിഞ്ഞപ്പോഴാണ് ഒരു ഷിപ്പിങ് കമ്പനിയുടെ പേരില്‍ 3000 ദിര്‍ഹം അയക്കാന്‍ ആവശ്യപ്പെട്ടത്. ഇതും നല്‍കി ഒരു ദിവസം കഴിഞ്ഞപ്പോള്‍ കമ്പനിയുടേതെന്ന പേരില്‍ അടുത്ത ഇ-മെയില്‍ സന്ദേശമെത്തി. പണം അയച്ച എക്സ്‍ചേഞ്ചില്‍ പോയി പണം സ്വീകരിക്കേണ്ടയാളുടെ പേരും വിലാസവും മാറ്റി നല്‍കാനായിരുന്നു നിര്‍ദേശം. പുതിയതായി നല്‍കിയ വിലാസം ഒരു ആഫ്രിക്കന്‍ രാജ്യത്തേതായിരുന്നു.

ഇതോടെ സംശയം തോന്നിയ ഇയാള്‍ എക്സ്‍ചേഞ്ചില്‍ പോയി പണം തിരികെ വാങ്ങുകയായിരുന്നു. ട്രാന്‍സ്ഫര്‍ ചാര്‍ജിനത്തില്‍ 105 ദിര്‍ഹം നഷ്ടമായെങ്കിലും ബാക്കി പണം പോയില്ലല്ലോ എന്നാണ് ആശ്വാസം. ഇങ്ങനെ ഇന്‍ഷുറന്‍സെന്നും മറ്റ് കാരണങ്ങള്‍ പറഞ്ഞും നിരവധിപ്പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന വെബ്സൈറ്റുകളും ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാരെയും വരെ വെച്ച് വിപുലമായ രീതിയിലുള്ള തട്ടിപ്പാണ് നടക്കുന്നതെന്ന് ഇരയായിട്ടുള്ളവര്‍ വ്യക്തമാക്കുന്നു.