Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കുട്ടികള്‍ക്ക് സൗജന്യ വിസ നിയമം പ്രാബല്യത്തില്‍

ജൂലെെ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കും. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം

new visa rule for children in uae
Author
UAE - Dubai - United Arab Emirates, First Published Jul 16, 2019, 12:35 AM IST

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് യുഎഇ സൗജന്യ വിസ അനുവദിച്ച് തുടങ്ങി. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.

ഇത് നടപ്പാകുന്ന ആദ്യ വര്‍ഷമാണിത്. ജൂലെെ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കും. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം.

രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസമല്ല. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്സ്‍പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്.

കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെങ്കിലും വലിയതോതില്‍ വിദേശികളെത്താന്‍ സാധ്യത കുറവാണെന്നാണ് ട്രാവല്‍, ടൂറിസം രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്. 

Follow Us:
Download App:
  • android
  • ios