അബുദാബി: ഭാര്യയുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. കുടുംബത്തിന്റെ സ്പോണ്‍സര്‍ഷിപ്പിലുള്ള പുരുഷന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചുതുടങ്ങിയതായി മാനവവിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നേരത്തെ കുടുംബ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.

മാനവവിഭവശേഷി -സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അധികവരുമാനം നേടി സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ പ്രവാസി കുടുംബങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സൈഫ് അഹ്‍മദ് അല്‍ സുവൈദി പറഞ്ഞു. ഒപ്പം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള ചിലവ് കുറയുകയും ചെയ്യും. നേരത്തെ വിവിധ സേവനങ്ങള്‍ക്ക് നല്‍കേണ്ട ഫീസിലും മാനവവിഭവശേഷി മന്ത്രാലയം കുറവുവരുത്തിയിരുന്നു.