ദുബായ്: ചെലവ് കുറച്ച് ലളിതമായ രീതിയില്‍ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച നവദമ്പതികള്‍ക്ക് അഭിനന്ദനവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അപ്രതീക്ഷിത സമ്മാനമായി ശൈഖ് മുഹമ്മദിന്റെ കൈയൊപ്പിട്ട കത്താണ് ദമ്പതികളെ തേടിയെത്തിയത്.

സ്‍നേഹവും കാരുണ്യവും ഇഴയടുപ്പവുമുള്ള കുടുംബം കെട്ടിപ്പടുക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കത്തില്‍ ദുബായ് ഭരണാധികാരി ആശംസിക്കുന്നു. യുഎഇയിലെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കുന്ന കാര്യം ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ വരെ നേരത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍ കൊവിഡ് കാലം ഇത് നടപ്പാക്കാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് കഴിഞ്ഞ മാസം യുഎഇ അധികൃതര്‍ ജനങ്ങളെ അറിയിക്കുകയും ചെയ്തു. 
 

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം വലിയൊരു വിവാഹ ചടങ്ങിനേക്കാള്‍ വലിയ സന്തോഷമാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് ദമ്പതികള്‍ പ്രതികരിച്ചു. കൊവിഡ് കാലത്ത് നിരവധിപ്പേര്‍ വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തുകയാണ് പലരും.