അബുദാബി: യുഎഇയില്‍ രണ്ടിടങ്ങളില്‍ സ്കൂള്‍ ബസുകള്‍ അപകടത്തില്‍പെട്ട് ഒന്‍പത് കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ റീം ഐലന്റില്‍ യൂണിയന്‍ ബാങ്കിന് സമീപം സ്കൂള്‍ ബസ് മറ്റൊരു വാഹവുമായി കൂട്ടിയിടിച്ചാണ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റത്. വിദേശയായ ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഒരു പുരുഷനും സ്ത്രീക്കും കൂടി സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അല്‍ റഹ ബീച്ചിന് സമീപമുണ്ടായ രണ്ടാമത്തെ അപകടത്തില്‍ മൂന്ന് സ്വദേശി വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. അപകടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. എന്നാല്‍ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി ട്രാഫിക് ആന്റ് പട്രോള്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദഹി അല്‍ ഹുമൈരി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.