അബുദാബി: പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തുന്നതിന്റെ ഭാഗമായുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ മുന്‍ഗണനാക്രമം മറികടന്ന് എന്‍എംസി ഹെല്‍ത്തിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവും നാട്ടിലെത്തി. എന്‍എംസി ഹെല്‍ത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് കൃഷ്ണമൂര്‍ത്തി, അദ്ദേഹത്തിന്‍റെ ഭാര്യ ,മൂന്ന് മക്കള്‍, വീട്ടിലെ ജോലിക്കാരി എന്നിവരുള്‍പ്പെടുന്ന ആറുപേര്‍ നാട്ടിലെത്തിയതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായ നാട്ടിലെത്തേണ്ട മുന്‍ഗണനാ വിഭാഗങ്ങളായ ഗര്‍ഭിണികള്‍, ചികിത്സ ലഭ്യമാക്കേണ്ട രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രവാസികള്‍ വിമാന ടിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് ആറംഗ സംഘം നാട്ടിലെത്തിയത്. 

ആരോപണ വിധേയനായ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാരനും കുടംബവും നാട്ടിലെത്തുന്നത്. മെയ് ഏഴിന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ആറുപേരുടെ സംഘം കൊച്ചിയിലെത്തിയത്. വിമാനത്തില്‍ നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ താന്‍ അടിയന്തര ആവശ്യത്തിനായി കുടംബത്തോടൊപ്പം നാട്ടിലെത്തിയതാണെന്നും ജൂണില്‍ തിരികെ വരുമെന്നും സുരേഷ് കൃഷ്ണമൂര്‍ത്തി കമ്പനി അധികൃതര്‍ക്ക് സന്ദേശമയച്ചതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ യാത്രാനുമതി തേടി കാത്തിരിക്കുമ്പോള്‍ അനര്‍ഹര്‍ പട്ടികയില്‍ ഇടം നേടുന്നെന്ന വ്യാപക പരാതിക്കിടെയാണ് എന്‍എംസി ഹെല്‍ത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും നാട്ടിലേക്കുള്ള മടക്കം. കുടുംബത്തില്‍ ഒരു മരണം നടന്നെന്ന വ്യാജ സത്യവാങ്മൂലം നല്‍കിയാണ് സുരേഷ് കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെ ആറുപേര്‍ യുഎഇ വിട്ടതെന്നാണ് വിവരം. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ പിതാവ് അസുഖബാധിതനാണെന്നും കുടുംബത്തില്‍ അടുത്തിടെ മരണം നടന്നിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

"