180 കമ്പനികളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ ലൈസൻസായി

റിയാദ്: സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കമായി. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയപരിധി ജനുവരി ഒന്നിന് അവസാനിച്ചിരുന്നു. കമ്പനികൾ ആസ്ഥാനം മാറ്റിയില്ലെങ്കിൽ സർക്കാരുമായുള്ള കരാർ നഷ്ടമാകുമെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. 2024ന്റെ തുടക്കം മുതൽ രാജ്യത്തിന് പുറത്ത് പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുന്ന വിദേശ കമ്പനികളുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ 2021 ഫെബ്രുവരിയിലാണ് തീരുമാനിച്ചത്.

‘മധ്യപൂർവേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ശാഖകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും പിന്തുണയും മാനേജ്‍മെന്റും തന്ത്രപരമായ ദിശാബോധവും നൽകുന്ന ഒരു ഓഫീസ്’ എന്നാണ് നിക്ഷേപ മന്ത്രാലയം കമ്പനിയുടെ പ്രാദേശിക ആസ്ഥാനം എന്നതുകൊണ്ട് നിർവചിക്കുന്നത്. ‘വിഷൻ 2030’ന് അനുസൃതമായി നിക്ഷേപം വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക ചോർച്ച കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ചുവടുവെയ്പ്പാണിത്. വിദേശ കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കുന്നതിനുള്ള പദ്ധതി നിക്ഷേപ മന്ത്രാലയവും റിയാദ് നഗരത്തിനായുള്ള റോയൽ കമീഷനും തമ്മിലുള്ള സംയുക്ത സംരംഭമാണ്. 

ഈ സംരംഭത്തിൽ സർക്കാരുമായോ അതിന്റെ ഏതെങ്കിലും ഏജൻസിയുമായോ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും ഫണ്ടുകളും ഉൾപ്പെടും. എന്നാൽ ഇത് ഒരു നിക്ഷേപകനേയും സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി ഇടപെടുന്നതിനോ ഉള്ള ശേഷിയെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതുവരെ സൗദിയിലേക്ക് ആകർഷിക്കപ്പെട്ട ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 180ലധികമെത്തി. അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ ലൈസൻസ് അനുവദിച്ചു. 160 കമ്പനികളെയാണ് ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിന്റെ ലക്ഷ്യം മറികടക്കുന്നതാണ് സൗദിയിലേക്ക് ആകർഷിക്കുന്ന കമ്പനികളുടെ എണ്ണത്തിലുള്ള വർധനവ് സൂചിപ്പിക്കുന്നത്. ഇനിയും കൂടുതൽ കമ്പനികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാണ് നടക്കുന്നത്. ഇതിനായി വലിയ പ്രാത്സാഹനവുമായി സാമ്പത്തിക, നിക്ഷേപ മന്ത്രാലയങ്ങൾ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...