ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് രാത്രി ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി അറിയിച്ചു. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയോടുള്ള ആദര സൂചകമായി ബുര്‍ജ് ഖലീഫ ഇന്ന് രാത്രി ത്രിവര്‍ണമണിയുമെന്ന് അദ്ദേഹം നേരത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ ചില സാങ്കേതിക തകരാറുകള്‍ കാരണം ഇത് സാധ്യമാവില്ലെന്നാണ് അബംസിഡര്‍ വൈകുന്നേരം ട്വീറ്റ് ചെയ്തത്.

ഗുരുതരമായ ചില സാങ്കേതിക പ്രശ്നങ്ങളുള്ളതായി ഇമാര്‍ അധികൃതര്‍ അറിയിച്ചതിനാല്‍ ഇന്ന് രാത്രി ബുര്‍ജ് ഖലീഫ ഇന്ന് ത്രിവര്‍ണമണിയില്ലെന്നായിരുന്നു നവദീപ് സിങ് സുരിയുടെ ട്വീറ്റ്. ബുര്‍ജ ഖലീഫയില്‍ പതാക തെളിയുന്നത് പ്രതീക്ഷിച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് അല്‍പം നിരാശയുളവാക്കുന്നതാണിതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നേരത്തെ ഇന്ത്യന്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
 

നേരത്തെ യുഎഇ ഭരണാധികാരികള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസാ സന്ദേശമയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശംസാ സന്ദേശങ്ങളയച്ചു.