തിരുവനന്തപുരം: വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റീന്‍ സൗജന്യമല്ല. ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ ചെലവ് കൂടി വഹിക്കണം. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് എല്ലാവരും നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്. സര്‍ക്കാര്‍ സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ ക്വാറന്റൈനില്‍ താമസിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. എന്നാല്‍ നിരവധിപ്പേര്‍ വിദേശത്ത് നിന്ന് എത്തുന്ന സാഹചര്യത്തില്‍ ചെലവ് സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദേശത്ത് നിന്നെത്തുന്നവരെ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ക്വാറന്റീന്‍ ചെലവ് സംസ്ഥാനം വഹിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നേരത്തെയുള്ള തീരുമാനം.