മസ്‍കത്ത്: ഒമാനിലേക്ക് പുതിയ സന്ദർശന, തൊഴിൽ വിസകൾ അനുവദിക്കുന്നതിന് മുൻപ്, മടങ്ങി വരൻ സാധിക്കാത്ത പ്രവാസികളുടെ തിരിച്ചുവരവ് ആദ്യം വിലയിരുത്തുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി  സൈദ് ബിൻ ഹമൂദ്‌  അൽ മാവാലി പറഞ്ഞു. ഒമാൻ സുപ്രീം കമ്മിറ്റി യോഗത്തിൽ എല്ലാ വിസകളുടെയും നിലവിലെ സാഹചര്യത്തെപ്പറ്റി  ചർച്ച ചെയ്‍തു. സാധുതയുള്ള താമസ വിസയുള്ള  പ്രവാസികൾക്കും കുടുംബങ്ങൾക്കും ആയിരിക്കും തുടക്കത്തിൽ രാജ്യത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിലൂടെ ലഭിക്കുന്ന അനുഭവം വിലയിരുത്തി  മറ്റു വിഭാഗങ്ങൾക്ക് സുരക്ഷിതമായി എങ്ങനെ പ്രവേശനം അനുവദിക്കാന്‍ സാധിക്കുമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ ഒന്ന് മുതൽ വിമാനത്താവളങ്ങള്‍ തുറന്നു പ്രവർത്തിക്കാന്‍ സുപ്രിം കമ്മറ്റി അനുമതി നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാര്യക്ഷമതാ പരിശോധനയും നടന്നു. രാജ്യത്ത് എത്തുന്ന പ്രവാസികൾക്ക് ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്  പരിരക്ഷ ഉണ്ടായിരിക്കണം. എല്ലാവരും  താരാസുദ് പ്ലസ് അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മസ്കറ്റ് അന്താരാഷ്ട്ര  വിമാനത്തവാളത്തിൽ എത്തുന്ന യാത്രക്കാർ പിസിആര്‍ പരിശോധനക്ക്  വിധേയമാകണം.  25 ഒമാനി റിയാൽ ആണ് പരിശോധനാ ഫീസ് നൽകേണ്ടത്. കൂടാതെ 14 ദിവസത്തെ  ക്വാറന്‍റീനില്‍ സ്വയം പ്രവേശിക്കുകയും വേണം. 15 വയസ്സും അതിനു താഴെയുള്ളവരെയും  വിമാന  ജീവനക്കാരെയും  ഈ നിബന്ധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.