കഴിഞ്ഞ ദിവസം രാജ്യത്ത് 900 പുതിയ കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ കര്‍ഫ്യൂ വരുന്നുവെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന വാർത്ത ശരിയല്ലന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ വ്യക്തമാക്കി. കുവൈത്തിൽ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന രീതിയിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം വിശദ്ധീകരണവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം രാജ്യത്ത് 900 പുതിയ കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ കര്‍ഫ്യൂ വരുന്നുവെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന ഭാഗിക നിശാ നിയന്ത്രണ നിയമം പിന്‍വലിച്ചതിന് ശേഷം മൂവായിരത്തോളം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധ നിയന്ത്രിക്കുന്നതില്‍ കുവൈത്ത് ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും കേസുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നത് സര്‍ക്കാരിനെ കൂടുതല്‍ വിഷമത്തിലാക്കുന്നുണ്ട്. 

അതേസമയം രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ട്. മിക്കയിടങ്ങളിലും സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്. രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. മാസ്ക് കൃത്യമായി ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.