റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചത്. എന്നാല്‍ മാസ്‍ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്‍പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്സിനെടുക്കണം. വാക്സിനെടുക്കുന്നതിന് ഇത്തരക്കാരുടെ രോഗാവസ്ഥ തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.