Asianet News MalayalamAsianet News Malayalam

റസിഡന്‍റ് വിസയുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചുവരാൻ തടസമില്ല

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

no travel ban for resident card holders in oman
Author
Masqat, First Published Mar 16, 2020, 11:28 PM IST

മസ്കറ്റ്:  ഒമാനിൽ റസിഡന്റ് വിസയുള്ളവർക്ക്​ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ തിരികെയെത്താമെന്ന്​ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി. തിങ്കളാഴ്​ച വൈകുന്നേരമാണ്​ ഇത്​ സംബന്ധിച്ച സർക്കുലർ ഒമാന്‍ പുറത്തുവിട്ടത്​. പുതിയ സർക്കുലർ പ്രകാരം പ്രവേശന വിലക്ക്​ വിസിറ്റിം​ഗ്​ വിസയിലുള്ളവർക്ക്​ മാത്രം ബാധകമാകും. 

ഗൾഫ്​ സഹകരണ കൗൺസിൽ രാഷ്​ട്രങ്ങളിലെ പൗരന്മാർക്കും റസിഡന്റ്​ വിസയുള്ളവരും ഒഴികെ വിദേശികൾക്കായിരിക്കും വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക്​ പ്രവേശിക്കുന്നതിനുള്ള വിലക്ക്​ ബാധകമായിരിക്കുകയെന്ന്​ അതോറിറ്റി എയർട്രാൻസ്​പോർട്ട്​ വിഭാഗം ഡയറക്​ടർ സാലിം ഹമെദ്​ സൈദ്​ അൽ ഹുസ്​നി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു. 

ആരോഗ്യമന്ത്രാലയത്തി​​ന്റെ മാർഗനിർദേശങ്ങൾക്ക്​ അനുസരിച്ച്​ പൊതുആരോഗ്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും വിമാനത്താവളങ്ങളിലും വിമാനത്താവള ജീവനക്കാരിലും നടപ്പാക്കിയിട്ടുണ്ട്​. അന്താരാഷ്​ട്ര വിമാനത്തിൽ നിന്ന്​ ആഭ്യന്തര സർവിസിലേക്ക്​ മാറി കയറുന്ന യാത്രക്കാരും പൊതുആരോഗ്യ സുരക്ഷക്കായി കൈകൊണ്ട നടപടികൾ അനുസരിക്കേണ്ടിവരു​മെന്നും​​ സർക്കുലറിൽ പറയുന്നു. 

അതേസമയം,  കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറത്തിയ പുതിയ ഉത്തരവിലാണ് 14 ദിവസത്തെ നിരീക്ഷണം. മാര്‍ച്ച് 18 മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. അതോടൊപ്പം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios