Asianet News MalayalamAsianet News Malayalam

കുവൈറ്റ് നാഷണല്‍ ഗാര്‍ഡില്‍ വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം; റിക്രൂട്ട്‌മെന്റ് അടുത്തയാഴ്ച എറണാകുളത്ത്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്‌,  ഡയറ്റീഷ്യന്‍ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകള്‍ക്ക് 35.  റിട്ടയര്‍മെന്റ്  പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസുമാണ്.

Norka roots invites applications for various posts in Kuwait National Guard
Author
First Published Jan 31, 2023, 9:16 PM IST

തിരുവനന്തപുരം:  നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി ആറാം തീയ്യതി മുതൽ പത്താം തീയ്യതി വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുള്ള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ്  തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്‌,  ഡയറ്റീഷ്യന്‍ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകള്‍ക്ക് 35.  റിട്ടയര്‍മെന്റ്  പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസുമാണ്.

ജനറല്‍ പ്രാക്റ്റീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സര്‍ജറി, യൂറോളജിസ്റ്റ് സര്‍ജറി, കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി, ഡെര്‍മ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റെസ്‍പിറോളജിസ്റ്റ്, അലര്‍ജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്‍താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്‌സ്, എമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജിസ്റ്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍.  ആവശ്യമായ രേഖകൾ സമര്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

ഒഴിവുകളില്‍ അവസരം പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരിക്കും.  താത്പര്യമുള്ള  പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റിൽ (www.norkaroots.org) നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന 2023 ഫെബ്രുവരി നാലാം തീയ്യതി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന്  നോര്‍ക്ക റൂട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

നോര്‍ക്ക റൂട്ട്സ് വഴി കുവൈറ്റ് നാഷണൽ ഗാര്‍ഡിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം (പുരുഷന്മാരുടെ) 2022 ഓഗസ്റ്റ് മാസം ഓണ്‍ലൈന്‍ മുഖേന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച ഡോക്ടര്‍മാർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫര്‍മസിസ്‌റ്റ്, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് വിഭാഗത്തിലെ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവും തൊഴില്‍ കരാറും കൈമാറുന്ന ചടങ്ങും റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ  ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയില്‍ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read also: സൗദിയിലേക്ക് വിമാന ടിക്കറ്റിനൊപ്പം സന്ദർശന വിസയും സൗജന്യമായി നൽകിത്തുടങ്ങി

Follow Us:
Download App:
  • android
  • ios