Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് നോര്‍ക്ക

ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുമ്പോഴും ചെറിയ റണ്‍വേയും താഴ്‍ന്ന സര്‍വീസ് നിലവാരവും മൂലം അതിജീവനത്തിനായി പ്രയാസപ്പെടുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് സ്വകാര്യവത്കരണം പുത്തന്‍ ഊര്‍ജം പകരുമെന്ന്  നോര്‍ക്ക ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

norka welcomes decision to privatise kozhikode airport
Author
Dubai - United Arab Emirates, First Published Jul 27, 2019, 6:27 PM IST

ദുബായ്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നോര്‍ക്ക. വിമാനത്താവളത്തിന്റെ നിലവാരം ഉയരുമെന്നതിനൊപ്പം കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോടേക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുമ്പോഴും ചെറിയ റണ്‍വേയും താഴ്‍ന്ന സര്‍വീസ് നിലവാരവും മൂലം അതിജീവനത്തിനായി പ്രയാസപ്പെടുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് സ്വകാര്യവത്കരണം പുത്തന്‍ ഊര്‍ജം പകരുമെന്ന്  നോര്‍ക്ക ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. റണ്‍വേയുടെ നീളം 4000 മീറ്ററായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നടപ്പിലാക്കിയാല്‍ തന്നെ എമിറേറ്റ്സ് അടക്കമുള്ള വമ്പന്‍ കമ്പനികള്‍ കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതോടെ മറ്റ് സ്വകാര്യ എയര്‍പോര്‍ട്ടുകളില്‍ ലഭ്യമാവുന്നത് പോലുള്ള മികച്ച സൗകര്യങ്ങളും സേവനങ്ങളും കരിപ്പൂരിലും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 
ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്  വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്ന പരിചയ സമ്പന്നരായ പ്രൈവറ്റ് എയര്‍പോര്‍ട്ട് ഓപറേറ്റര്‍മാരിലൊന്ന്  കരിപ്പൂരിനേയും ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി മലബാര്‍ ഡെവലപ്മെന്റ് ഫോറം ചെയര്‍മാന്‍ കൂടിയായ ആസാദ് മൂപ്പന്‍ പറഞ്ഞു. പുതിയ നീക്കം ദശലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് ഗുണകരമാകുന്നതോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ കുതിപ്പിനും വഴിതുറക്കും. അതേസമയം ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതോടെ സേവന നിരക്കുകള്‍ ഉള്‍പ്പെടെ വര്‍ദ്ധിക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരും കുറവല്ല.

Follow Us:
Download App:
  • android
  • ios