ഖത്തറില്‍ അടുത്തയാഴ്ച്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യത. 

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ അടുത്തയാഴ്ച്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് ശക്തമാകുന്നതിനാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വർധിക്കാനും അതുമൂലം കാഴ്‌ചപരിധി കുറയാനും സാധ്യതയുണ്ട്.

ഈ സമയത്ത് സമുദ്ര സംബന്ധമായ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും. ദോഹയിലും മിസെയ്‌ദിലും ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അതേസമയം, അബുസംറയിൽ ഏറ്റവും കുറഞ്ഞ താപനിലയായ 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ഖത്തർ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.