ഐൻ ഹഷീർ, തബൽദി, ഐൻ ഗയ്ദ് എന്നിവിടങ്ങളിലാണ് പുതിയ പാതകൾ നിർമിക്കുന്നത്.
സലാല: ദോഫാർ ഗവർണറേറ്റിലെ സാഹസിക ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയുമായി പൈതൃക, ടൂറിസം മന്ത്രാലയം. മൂന്ന് മലയോര പാതകൾ വികസിപ്പിക്കുന്നതാണ് പുതിയ പദ്ധതി. സാഹസിക ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രാദേശിക കമ്പനികളുമായി സഹകരിച്ചായിരിക്കും പാതകളുടെ നിർമാണം. ഇതോടെ ഗവർണറേറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐൻ ഹഷീർ, തബൽദി, ഐൻ ഗയ്ദ് എന്നിവിടങ്ങളിലാണ് പുതിയ പാതകൾ നിർമിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് യാത്ര സുഗമമാക്കുന്നതിനായി പാതകളിലുടനീളം അടയാളങ്ങളും ദിശാസൂചകങ്ങളും സ്ഥാപിക്കും. റോഡുകളിലൂടെയുള്ള യാത്ര കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ റോഡുകൾ നിർമിക്കുകയും നിലവിലെ റോഡുകൾ നവീകരിക്കുകയും ചെയ്യും. ദോഫാറിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് സാഹസിക യാത്രകൾ ചെയ്യാൻ സന്ദർശകർക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പദ്ധതി പ്രകാരം, ജബൽ സംഹാനിൽ വിയ ഫെറാറ്റ ട്രാക്ക് അവതരിപ്പിക്കുന്നതിനായുള്ള നടപടികളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ദോഫാറിലെ ധാരാളമായുള്ള മലനിരകളുടെ ഉയരങ്ങളിൽ അത്യുഗ്രൻ സാഹസികത ആസ്വദിക്കാൻ ഇതിലൂടെ സന്ദർശകർക്ക് കഴിയും. കടൽത്തീരങ്ങൾ, മലനിരകൾ, കൃഷിയിടം, മരുഭൂമി എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ദോഫാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. നാൽപ്പതിലധികം പ്രശസ്തമായ മലയോര പാതകളാണ് ദോഫാറിലുള്ളത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്ര, പുരാവസ്തു സ്ഥലങ്ങളും ഗവർണറേറ്റിലുണ്ട്. ദോഫാറിനെ പ്രധാന സാഹസിക ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതെന്നും പൈതൃക, ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
