പാർക്കിൻ രജിസ്ട്രേഷൻ ഫോം ഉപയോഗിച്ചോ ആർടിഎ അക്കൗണ്ടിലൂടെയോ അല്ലെങ്കിൽ യുഎഇ പാസ് വഴിയോ ഉപഭോക്താക്കൾക്ക് പാർക്കിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം
ദുബൈ: ദുബൈയിലെ ഡ്രൈവർമാർക്ക് ഇനി എളുപ്പത്തിൽ പാർക്കിങ് ഫീസുകൾ അടക്കാം. ഇതിനായി പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി പുതിയ ആപ്ലിക്കേഷനായ പാർക്കിൻ ആപ്പ് അവതരിപ്പിക്കുന്നു. ഇതിലൂടെ ഡ്രൈവർമാർക്ക് പൊതു പാർക്കിങ് ഇടങ്ങൾ ഉപയോഗിച്ച ശേഷം എളുപ്പത്തിൽ ഫീസുകൾ അടയ്ക്കാൻ കഴിയും. കൂടാതെ, പാർക്കിങ് പിഴകൾ അടയ്ക്കാനും റീഫണ്ടുകൾ ആവശ്യപ്പെടാനും മുൻകൂറായി പാർക്കിങ് സ്ഥലങ്ങൾ ബുക്ക് ചെയ്യാനും സാധിക്കും. ആപ്പിലൂടെ പാർക്കിങ് ഫീസ് എപ്പോൾ വേണമെങ്കിലും അടക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
പാർക്കിങ് പെർമിറ്റുകൾ ആപ്ലിക്കേഷനിൽ തന്നെ സൂക്ഷിക്കാൻ കഴിയുന്നതോടെ പാർക്കിങ് സംബന്ധമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. പൊതു ഇടങ്ങളിലെ പാർക്കിങ് സംവിധാനം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് അവതരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഉപഭോക്താക്കൾക്ക് മൂന്ന് രീതിയിലൂടെ പാർക്കിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം. പാർക്കിൻ രജിസ്ട്രേഷൻ ഫോം ഉപയോഗിച്ചോ ആർടിഎ അക്കൗണ്ടിലൂടെയോ അല്ലെങ്കിൽ യുഎഇ പാസ് വഴിയോ അക്കൗണ്ട് എടുക്കാവുന്നതാണ്. ടോപ്പ്-അപ്പുകൾക്കുള്ള വാലറ്റ് മാനേജ്‌മെന്റ്, വാഹന മാനേജ്‌മെന്റ്, സീസണൽ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ എന്നിവയും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, പാർക്കിൻ ആപ്പ് ഉപയോഗിച്ച് ഡ്രൈവർമാർക്ക് അനുയോജ്യമായ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനും കഴിയും.
