ശീതീകരിച്ച നടപ്പാതയില്‍ എപ്പോഴും താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
അബുദാബി : അബുദാബി എമിറേറ്റിൽ ആദ്യമായി ശീതീകരിച്ച നടപ്പാതയൊരുങ്ങുന്നു. എമിറേറ്റിന്റെ ചൂടേറിയ കാലാവസ്ഥയിൽ നിന്ന് രക്ഷ നേടുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. അൽ മമൂറ ബിൽഡിങ്ങിന് അടുത്തായുള്ള അൽ നഹ്യാൻ ഏരിയയിലാണ് ശീതീകരിച്ച നടപ്പാത ഒരുക്കിയിരിക്കുന്നത്. ഇവിടെ എപ്പോഴും താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കൂടാതെ നടപ്പാതയിലുടനീളം എയർ കണ്ടീഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. വേനൽക്കാലത്ത് ഇവിടെയെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും മികച്ച കാൽനട അനുഭവം പ്രദാനം ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
റീട്ടെയിൽ ഔട്ട്ലറ്റുകൾ, കഫേകൾ, ഇരിപ്പിടങ്ങൾ എന്നിവയും നടപ്പാതയോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. അതിനൂതനമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് കൊണ്ടുതന്നെ നടപ്പാതക്കുള്ളിൽ സ്വാഭാവിക സൂര്യപ്രകാശം കടക്കാനും അതേസമയം അകത്തെ തണുപ്പ് അതുപോലെ നിലനിർത്താനും കഴിയുന്നുണ്ട്. നടപ്പാതയുടെ ഭിത്തികളിൽ അതി നൂതന ശബ്ദ നിയന്ത്രണ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. ഇത് നഗരത്തിന്റെ ശബ്ദങ്ങളിൽ നിന്ന് വളരെ ശാന്തമായ അന്തരീക്ഷം ഒരുക്കുന്നു. പൊതു ഇടങ്ങളിൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അബുദാബി എമിറേറ്റിൻ്റെ പദ്ധതിയുടെ ആദ്യം ഘട്ടം എന്ന നിലയിലാണ് ശീതീകരിച്ച നടപ്പാത ഒരുക്കുന്നത്.
