യാത്രക്കാര്‍ക്ക് വിവിധ എയര്‍ലൈനുകൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാന സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം.
മസ്കറ്റ്: ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തെ തുടര്‍ന്ന് സംഘർഷം ഉള്ള റൂട്ടുകൾ മാറ്റി ഒമാൻ എയർ. ഇന്നത്തെ അമ്മാൻ-മസ്കറ്റ്, മസ്കറ്റ്-അമ്മാൻ സർവീസുകൾ റദ്ദാക്കി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഒമാന്‍ എയറിന്‍റെ യൂറോപ്യന്‍ സര്‍വീസുകളും വഴിതിരിച്ചു വിട്ടിട്ടുണ്ട്.
യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒമാന്‍ എയര്‍ വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം ഖത്തര്‍ എയര്‍വേയ്സും ഇറാനിലേക്കും ഇറാഖിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്, സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്. ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഫ്ലൈദുബൈ, എമിറേറ്റ്സ്, ഇത്തിഹാദ് വിമാന കമ്പനികള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
എമിറേറ്റ്സിന്‍റെ ദുബൈയില്‍ നിന്ന് ഇറാനിലെ നഗരങ്ങളിലേക്കും ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിന്ന് റദ്ദാക്കി. ദുബൈയില്‍ നിന്ന് തെഹ്റാനിലേക്കുള്ള നാളത്തെ ഇകെ 977/EK978 വിമാനം റദ്ദാക്കി. ഫ്ലൈ ദുബൈയും അമ്മാന്‍, ബെയ്റൂത്ത്, ദമാസ്കസ്, ഇറാന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ അറേബ്യയുടെ ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, റഷ്യ, അര്‍മോനിയ, ഉസ്ബസ്കിസ്ഥാന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.
