മസ്‌കറ്റ്: ഒമാന്‍ എയറിന് വീണ്ടും രാജ്യാന്തര അംഗീകാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്ചിമേഷ്യന്‍ മേഖലയിലെ പുരസ്‌കാരങ്ങള്‍ക്കാണ് ഒമാന്‍ എയര്‍ അര്‍ഹമായത്. പശ്ചിമേഷ്യന്‍ മേഖലയിലെ വിമാന കമ്പനികളില്‍ മികച്ച ബിസിനസ്, ഇക്കണോമി ക്ലാസുകള്‍ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്.

മികച്ച ഇക്കണോമി ക്ലാസിനുള്ള പുരസ്‌കാരം 2014 മുതല്‍ തുടര്‍ച്ചയായി ഒമാന്‍ എയറിന് ലഭിക്കുന്നതാണ്. 2014 മുതല്‍ 2016 വരെ ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഈ രണ്ട് പുരസ്കാരങ്ങള്‍ക്ക് പുറമെ 'വിങ്‌സ് ഓഫ് ഒമാന്‍' എന്ന പ്രസിദ്ധീകരണം മികച്ച ഇന്‍ഫ്ലൈറ്റ് മാഗസിനായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് മാഗസിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. മൂന്ന് പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിച്ചത് അഭിമാനമാണെന്ന് ഒമാന്‍ എയര്‍ സിഇഒ അബ്ദുല്‍ അസീസ് ബിന്‍ സൗദ് അല്‍ റൈസി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാവല്‍, ടൂറിസം മേഖലകളിലെ പ്രൊഫഷനലുകളുടെയും ഉപഭോക്താക്കളുടെയും വോട്ടിങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.