ഇന്ന് (മാർച്ച് 5) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. 

മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം കുറച്ചു. ഇന്ന് (മാർച്ച് 5) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. 

ഗവർണറേറ്റിലെ സായാഹ്ന ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മസ്കറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ ന്യൂനമർദത്തെ തുടർന്ന് (മാർച്ച് 5 ന്) ഇന്ന് വടക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ നിർത്തിവെച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also - 'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

അതേസമയം ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. 

ചൊവ്വാഴ്ച 10 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 27 മുതല്‍ 46 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും. മുസന്ദം ഗവര്‍ണറേറ്റിന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അറബി കടലിന്‍റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും. ശക്തമായ കാറ്റ് വീശുന്നത് മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടി ഉയരാനും കാരണമാകും. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് വാദികളില്‍ ഇറങ്ങരുതെന്നും കപ്പല്‍ യാത്രക്കാര്‍ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കണമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം