മസ്കത്ത്: ഒമാനില്‍ വ്യാജ വിമാന ടിക്കറ്റുകള്‍ വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച ട്രാവല്‍ ഏജന്‍സി പൂട്ടിച്ചു. ബര്‍ക്കയിലെ ഏജന്‍സിക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ സിമിതി അധികൃതര്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇവിടെ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ടിക്കറ്റില്ലെന്ന കാരണം പറഞ്ഞ് യാത്ര നിഷേധിക്കപ്പെട്ടത്. ടിക്കറ്റുകളുടെ പണം വിമാന കമ്പനിക്ക് നല്‍കിയിരുന്നില്ലെന്നാണ് കണ്ടെത്തിയത്. നിയമപ്രകാരം ഉപഭോക്താക്കളുമായുള്ള ഇടപാടുകളില്‍ വിശ്വസ്തതയും സുതാര്യതയും പുലര്‍ത്തണമെന്ന നിയമം  സ്ഥാപനം ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തി.

ഏജന്‍സിയുടെ മാനേജറെ ചോദ്യം ചെയ്തശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ ഓഫീസ് പൂട്ടിയിടും. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത എല്ലാവര്‍ക്കും പണം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.