Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണം

വേണ്ടത്ര രേഖകളില്ലാതെ ഒമാനിൽ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകൾ തടയാന്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണം. 

oman authorities to monitor expat remittances
Author
Muscat, First Published Oct 20, 2019, 11:07 AM IST

മസ്കത്ത്: ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേൽ മാനവ വിഭവശേഷി മന്ത്രാലയം നിരീക്ഷണമേര്‍പ്പെടുത്തും. രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ സഹകരണത്തോടെ പ്രത്യേക സമതി പ്രവർത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അനധികൃത പണമിടപാടുകൾ  നടത്തുന്നവർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വേണ്ടത്ര രേഖകളില്ലാതെ ഒമാനിൽ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകൾ തടയാന്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണം. വിസയും മറ്റ് രേഖകളുമില്ലാതെ തൊഴിൽ നിയമം ലംഘിച്ചു് ഒമാനിൽ തങ്ങുന്ന വിദേശികൾ, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധുവായ രേഖകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. ഇത്തരം പണമിടപാടുകൾ നിയമ വിരുദ്ധമായി  മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .

പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിനായി ഒമാൻ സെൻട്രൽ ബാങ്കുമായി സഹകരിച്ച് പ്രത്യേക സമതി രൂപീകരിച്ചതായും അതിന്റെ  പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമം ലംഘിക്കുന്നവരെയും അനധികൃത പണമിടപാടുകൾ നടത്തുന്നവരെയും പിടികൂടാൻ രാജ്യത്ത് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. 2018ൽ 24,356  വിദേശികളാണ് തൊഴിൽ നിയമം ലംഘിച്ചതിന് ഒമാനിൽ പിടിയിലായത്.

Follow Us:
Download App:
  • android
  • ios