Asianet News MalayalamAsianet News Malayalam

ജീവനക്കാര്‍ക്ക് ശമ്പളം വൈകരുത്; മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍

ജോലിക്ക് നിയമിക്കുന്നതിന് മുന്‍പ് ഒപ്പുവെയ്ക്കുന്ന തൊഴില്‍ കരാറില്‍ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നതാണ് നിയമം. ഇതനുസരിച്ചുള്ള വേതനം തൊഴിലാളിയുടെ അവകാശമാണ്.

oman authorities warn private companies on employee salaries
Author
Muscat, First Published Aug 8, 2019, 11:36 AM IST

മസ്‍കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയോ ശമ്പളം നല്‍കാന്‍ വൈകുകയോ ചെയ്യരുതെന്ന് മാനവ വിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ കരാറനുസരിച്ചുള്ള ശമ്പളം കൃത്യസമയത്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ജോലിക്ക് നിയമിക്കുന്നതിന് മുന്‍പ് ഒപ്പുവെയ്ക്കുന്ന തൊഴില്‍ കരാറില്‍ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നതാണ് നിയമം. ഇതനുസരിച്ചുള്ള വേതനം തൊഴിലാളിയുടെ അവകാശമാണ്. അത് വെട്ടിക്കുറയ്ക്കാനോ വൈകിപ്പിക്കാനോ സ്ഥാപനത്തിന് അവകാശമില്ല. ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നല്‍കേണ്ടത്. മാനവ വിഭവശേഷി മന്ത്രിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ അക്കൗണ്ട് വഴിയല്ലാതെ പണം നല്‍കാനാവൂ. അക്കൗണ്ട് വഴി കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോയെന്ന് അധികൃതര്‍ക്ക് ഉറപ്പുവരുത്താനുമാവും.

നിയമപ്രകാരം സ്വീകരിക്കുന്ന ശിക്ഷാ നടപടികളുടെയോ അച്ചടക്ക നടപടികളുടെയോ ഭാഗമായി മാത്രമേ ശമ്പളത്തില്‍ കുറവുവരുത്താന്‍ അനുവാദമുള്ളൂ. ഇതല്ലാതെ സ്ഥാപനത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോള്‍ ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ശമ്പളം നല്‍കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് സംബന്ധിച്ചുള്ള പരാതികളില്‍ സ്ഥാപനം അടിച്ചിടാന്‍ നിര്‍ദേശിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.  

Follow Us:
Download App:
  • android
  • ios