കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
മസ്കറ്റ്: ഒമാനിൽ നാളെ (ജൂലൈ 30) താപനിലയിൽ പരമാവധി വർധനവ് അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒമാനിൽ സമുദ്രത്തീരം ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ താപനിലയിൽ വർധനവ് ഉണ്ടാകുമെന്ന സൂചനയും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. 'ജൂലൈ 30, ബുധനാഴ്ച തീരദേശ ഗവർണറേറ്റുകളിൽ പരമാവധി താപനില ഉയരുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു' എന്നാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ആവശ്യമെങ്കിൽ കൂടുതൽ സൂക്ഷ്മമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതിനിടെ കുവൈത്തിൽ നിന്നുള്ള കാലാവസ്ഥ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. കുവൈത്തിൽ വേനൽക്കാലത്തിന്റെ പാരമ്യം ഓഗസ്റ്റ് 22 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ സ്ഥിരീകരിച്ചു. ഇന്നലെ കുവൈത്തിലെ ജഹ്‌റയിൽ ഏറ്റവും കൂടിയ താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് ആണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യം നിലവിൽ 'താലിഅ് അൽ-മിർസാം', 'ജംറത്ത് അൽ-ഖായിസ്' എന്നീ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് കുവൈത്തിലെയും മേഖലയിലെയും വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയങ്ങളാണെന്നും ഈ കാലയളവിലാണ് ഏറ്റവും ഉയർന്ന വാർഷിക താപനില രേഖപ്പെടുത്തുന്നതെന്നും റമദാൻ പറഞ്ഞു. ഓരോ വർഷവും ജൂലൈ 20 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവ് വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിന് ശേഷം താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും വേനൽക്കാലത്തിന്റെ അവസാനവും ക്രമാനുഗതമായ തണുപ്പ് കാലത്തിന്റെ ആരംഭവും കുറിച്ചുകൊണ്ട് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. വേനൽക്കാലത്തിന്റെ പാരമ്യം ഓഗസ്റ്റ് 22 വരെ തുടരുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
