ഒമാനെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മസ്കറ്റ്: ഒമാനെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ യഥാർത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഒമാൻ, അവയെ ഭീരുത്വപരവും നിഗൂഢസ്വഭാവമുള്ളതുമായ നടപടികളായി വിശേഷിപ്പിച്ചു. മേഖലയിൽ തുടരുന്ന യുദ്ധാവസ്ഥയും വ്യാപകമായ അക്രമങ്ങളും രാജ്യത്തിന്റെ ആശങ്ക വർധിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഒമാൻ പിന്തുടരുന്ന സജീവ നിഷ്പക്ഷതാ നയത്തിൽ മാറ്റമില്ലെന്നും, നിലവിലുള്ള സംഘർഷാവസ്ഥ അവസാനിപ്പിച്ച് സംവാദത്തിലേക്കും നയതന്ത്രപരമായ പരിഹാരങ്ങളിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ആവർത്തിച്ചു. സംഘർഷങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാതെ ദീർഘകാല സമാധാനം സാധ്യമാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ഒമാൻ, മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി.