ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്‍റ് കൂടുതൽ സുതാര്യമാക്കാൻ ലേബർ മന്ത്രാലയം പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്‍റ് ഏജൻസികൾക്ക് കർശന നിബന്ധനകളും സാമ്പത്തിക ഗ്യാരണ്ടിയും ഏർപ്പെടുത്തിയതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു.

മസ്‌കറ്റ്: ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്‍റ് രംഗം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക ലക്ഷ്യമിട്ട് ലേബർ മന്ത്രാലയം സമഗ്രമായ പുതിയ റെഗുലേറ്ററി ചട്ടക്കൂട് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്‍റ് ഓഫീസുകളുടെ പ്രവർത്തനം കൃത്യമായ നിയമവ്യവസ്ഥിതിയുടെ കീഴിൽ കൊണ്ടുവരിക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലേബർ വെൽഫെയർ വിഭാഗം മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. സൈഫ് ബിൻ മുഹമ്മദ് അൽ ബുസൈദി വ്യക്തമാക്കി.

പ്രധാന വ്യവസ്ഥകളും നിബന്ധനകളും

ലൈസൻസിംഗ് നിബന്ധനകൾ: വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്‍റ് നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും പങ്കാളികളും ഒമാൻ പൗരന്മാർ ആയിരിക്കണം. ഉടമയോ പങ്കാളികളിൽ ഒരാളോ മുഴുവൻ സമയവും സ്ഥാപനത്തിന്‍റെ നടത്തിപ്പിനായി ഉണ്ടാകുകയും ലേബർ മന്ത്രാലയത്തിലും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയിലും രജിസ്റ്റർ ചെയ്യുകയും വേണം.

ധനകാര്യ ഗ്യാരണ്ടി: റിക്രൂട്ട്‌മെന്‍റ് ഓഫീസുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി 5,000 ഒമാനി റിയാൽ ലേബർ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിൽ ഫിനാൻഷ്യൽ ഗ്യാരണ്ടിയായി കെട്ടിവെക്കണം. കരാർ ലംഘനങ്ങൾ ഉണ്ടായാൽ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഈ തുക ഉപയോഗിക്കും.

തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള ഉറപ്പുകൾ

റിക്രൂട്ട്‌മെന്‍റ് സേവനങ്ങൾക്ക് മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാറുകൾ നടപ്പിലാക്കും. റിക്രൂട്ട്‌മെന്‍റ് സേവനത്തിന് രണ്ട് വർഷത്തെ ഗ്യാരണ്ടി നൽകിയിട്ടുണ്ട്. തൊഴിലാളി ഒമാനിലെത്താനുള്ള പരമാവധി കാലാവധി 45 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെന്‍റിനായി യാതൊരുവിധ തുകയും ഈടാക്കാൻ പാടില്ല. തൊഴിലാളി സ്ഥാപനത്തിന്‍റെ ചുമതലയിലുള്ള കാലയളവിൽ താമസവും പരിചരണവും ഉറപ്പാക്കണം. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന ജോബ് ഓഫർ നൽകിയിരിക്കണം.

ഓഫീസ് സൗകര്യങ്ങളും സുരക്ഷയും

റിക്രൂട്ട്‌മെന്‍റ് ഓഫീസുകൾക്കായി ഉചിതമായ കാര്യാലയവും തൊഴിലാളികൾക്ക് അനുയോജ്യമായ താമസസ്ഥലവും മാനദണ്ഡങ്ങളും കർശനമായി പാലിച്ചിരിക്കണം. ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ കൃത്യമായി നടപ്പിലാക്കുന്നതിനും ലേബർ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സംവിധാനവും സമയപരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ

റിക്രൂട്ട്‌മെന്റ് ഓഫീസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ലൈസൻസ് ഫീസ് 300 ഒമാനി റിയാലായി കുറച്ചിട്ടുണ്ട് (രണ്ട് വർഷത്തേക്ക്). താൽക്കാലിക ലൈസൻസുകളുടെ എണ്ണം 25 ആയി ഉയർത്തി. ലൈസൻസ് ലഭിച്ച് ഒരു വർഷത്തിന് ശേഷം പുതിയ ബ്രാഞ്ചുകൾ തുറക്കാനും അനുവാദമുണ്ട്. എന്നാൽ പുതിയ ബ്രാഞ്ചിൽ നിർബന്ധമായും ഒരു ഒമാനി മാനേജരെ നിയമിക്കേണ്ടതാണ്.