ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.
ദുബായ്: ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം ഉണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെ ആണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ സോഹാർ ആങ്കറേജിൽ വെച്ച് ഡ്രോൺ ആക്രമണമുണ്ടായതായി മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ അറിയിച്ചു. ഒമ്പത് ഇന്ത്യൻ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിതമാക്കിയെന്ന് അറിയിച്ച മന്ത്രി, രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായെന്നും വ്യക്തമാക്കി. പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ശ്രമങ്ങൾ സജീവമായി നടന്നുവരികയാണെന്നും ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.
സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ രണ്ടുപേരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.
പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെ ഇന്ത്യക്കാർക്കിടയിലും ആശങ്ക ശക്തമാകുകയാണ്. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് ശനിയാഴ്ച നടന്ന ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരന് ജീവൻ നഷ്ടമായി. സംഭവത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്കേറ്റു. മൊത്തം മരണം 13 ആയി. കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തികച്ചും അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, ആക്രമണം ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.


