മസ്‌കത്ത്: രാജ്യത്ത് വിദേശികളുടെയിടയില്‍ കൊവിഡ് വൈറസ് പടരുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് ഒമാന്‍  ആരോഗ്യമന്ത്രി ഡോ. അഹമ്മദ്  മുഹമ്മദ് അല്‍ സെയ്ദി പറഞ്ഞു. ഇതിനകം  രാജ്യത്ത് കൊറോണ ബാധിച്ചവരുടെ  എണ്ണം  371  ലെത്തി കഴിഞ്ഞു.ഇതില്‍  219  പേര് ഒമാന്‍ സ്വദേശികളും  152   വിദേശികളുമാണുള്ളത്.

വിദേശികളുടെ ഇടയിലെ കൊവിഡ് 19  വ്യാപനം  ഒമാന്‍ സര്‍ക്കാര്‍ നേരിടുന്ന  ഏറ്റവും വലിയ വെല്ലുവിളിയാണെന്നും  അതിനാല്‍  ഒമാന്‍  സുപ്രിം  കമ്മറ്റി  ഇതിനെ നേരിടുവാന്‍  ഉടന്‍ തന്നെ തീരുമാനങ്ങളെടുക്കുമെന്നും  ആരോഗ്യമന്ത്രി  അല്‍ സൈദി  വ്യക്തമാക്കി. നിലവിലെ കണക്കുകളനുസരിച്ച്  വരുന്ന  രണ്ടാഴ്ചക്കുള്ളില്‍  രോഗികളുടെ എണ്ണം ക്രമാതീതമായി  വര്‍ദ്ധിക്കുമെന്നും  അദ്ദേഹം  പറഞ്ഞു .

കഴിഞ്ഞ ദിവസം  33  പേര്‍ക്കാണ്  കൊവിഡ് 19  സ്ഥിതികരിച്ചത്. ഇന്ന്  40  പേര്‍ക്ക്  കൂടി  രോഗം ബാധിച്ചതായി  ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന   വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദിനംപ്രതി  രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ്   ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് .

70  വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടു ഒമാന്‍ സ്വദേശികള്‍  കൊവിഡ് 19   ബാധിച്ച്്  ഒമാനില്‍ മരണപ്പെട്ടിട്ടുണ്ട്. ഒമാനില്‍ പടരുന്ന   കൊവിഡ് 19-തിന്റെ  പ്രഭവകേന്ദ്രം  'മത്രാ'  പ്രാവശ്യയായതിനാല്‍   ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ  നിര്‍ദ്ദേശത്തില്‍  സായുധ സേനയും  റോയല്‍ ഒമാന്‍ പൊലീസും   കര്‍ശന യാത്രാ വിലക്കാണ്  ഇവിടെ  ഏര്‍പ്പെടുത്തിയിരിക്കുന്നത്.