തെരഞ്ഞെടുപ്പ് ചൂടിൽ ഒമാൻ; പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ് ഞായറാഴ്ച
പത്താമത് മജ്‌ലിസ് ശൂറയിലേക്ക് 90 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 2019ൽ നടന്ന ഒൻപതാമത് മജ്‌ലിസ് ശൂറയിൽ 86 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.

മസ്കറ്റ്: ഒമാനിലെ പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 29 ഞായറാഴ്ച നടക്കും.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ആകെ 753,690 പേരാണ് പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാൻ ബൂത്തുകളിൽ എത്തുന്നത്. ഇതിൽ 391,028 പുരുഷന്മാരും 362,924 സ്ത്രീകളും ഉൾപ്പെടുന്നു.
പത്താമത് മജ്‌ലിസ് ശൂറയിലേക്ക് 90 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 2019ൽ നടന്ന ഒൻപതാമത് മജ്‌ലിസ് ശൂറയിൽ 86 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പുതിയതായി നാല് അംഗങ്ങളെക്കൂടി ഈ പ്രാവശ്യം തെരെഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. ജബൽ അക്‌തർ , സിനാവ് എന്നിവടങ്ങളിൽ ഓരോ പുതിയ അംഗങ്ങളെയും, ബിഡ്‌ബിഡ് , ഇബ്ര എന്നി വിലായത്തുകളിൽ നിലവിൽ ഉള്ള അംഗത്തോടൊപ്പം ഓരോ അംഗത്തെക്കൂടി ചേർത്തും ആണ് അധികമായി നാല് അംഗങ്ങൾ മജ്‌ലിസ് ശൂറയിൽ എത്തുന്നത്.
രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഒമാൻ പൗരന്മാരായ 13,843 വോട്ടർമാർ ഇതിനകം തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി കഴിഞ്ഞു. 9,230 പുരുഷന്മാരും 4,613 സ്ത്രീകളും വോട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ 22 ഞായറാഴ്ച "'ഇന്തിഖാബ്'" എന്ന ആപ്പ് മുഖേനെയാണ് ഒമാനിന് പുറത്ത് താമസിച്ചു വരുന്ന പൗരന്മാർ വോട്ടു രേഖപ്പെടുത്തിയത്.
മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്ന വെബ്‌സൈറ്റ് (www.elections.om) വഴിയും,'ഇന്തിഖാബ്' ആപ്പിലൂടെയും വോട്ടർമാർക്ക് ഞായറാഴ്ച വോട്ട് ചെയ്യുവാൻ സാധിക്കും.
ഒമാനിലെ വിവിധ വിലായത്തുകളിൽ നിന്നും 90 അംഗങ്ങളെയാണ് മജ്‌ലിസ് ശൂറയിലേക്ക് തിരഞ്ഞെടുക്കുന്നത്. 33 സ്ത്രീകളുൾപ്പടെ 883 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
അൽ-സുനൈന, മന, അൽ-ഹംറ, ആദം, അൽ-ജബൽ അൽ-അഖ്ദർ, അൽ-അവാബി, നഖൽ, വാദി അൽ-മഅവൽ, അൽ-ഹലാനിയത്ത് ദ്വീപുകൾ, സദ, ഖസബ്, ദിബ്ബ, ബുഖാ, മദ, തുംറൈത്ത്, ധൽകുത്ത്, അൽ-മസ്‌യൂന, മുഖ്‌ഷിൻ, ഷാലിം, മസ്‌കറ്റ്, തഖ, മിർബത്ത്, രഖ്യുത്, സിനാവ്, യാങ്കുൽ, ഡാങ്ക്, ഹൈമ, മഹൂത്, ദുക്മ്, അൽ-ജസാർ, ബിദിയ, അൽ-ഖാബിൽ, വാദി ബാനി ഖാലിദ്, ദിമ, അൽ-തായ്യിൻ, അൽ-വാഫി, മസീറ,അൽ-കാമിൽ എന്നി 38 വിലായത്തുകളിൽ നിന്നും ഓരോ അംഗങ്ങളെ തിരഞ്ഞെടുക്കും.
Read Also - പ്രവാസികള്‍ക്ക് ഗുണകരം; ഫാമിലി വിസ തൊഴില്‍ വിസയാക്കാന്‍ ഇനി എളുപ്പം, ഇ-സേവനത്തിന് തുടക്കമായി
അൽ-മുദൈബി, ഇബ്രി, ബൗഷർ, അമീറത്ത് , മത്രാ , സീബ് , സലാല, ബുറൈമി,ബിദ്ബിദ്, സോഹാർ, ഷിനാസ്, ഖുറയ്യത്ത്, നിസ്വ, ബഹ്‌ല, ഇസ്‌കി, സമൈൽ, ലിവ, സഹം, അൽ-ഖബൂറ, അൽ-സുവൈഖ്, റുസ്താഖ്, ബർക, അൽ-മുസാന, സൂർ, ജലാൻ ബാനി ബു ഹസ്സൻ, ഇബ്ര എന്നീ വിലായത്തുകളിൽ നിന്നും രണ്ട് പ്രതിനിധികൾ വീതമാണ് മജ്‌ലിസ് ശൂറയിലെത്തുന്നത്.
ഒൻപതാമത് മജ്‌ലിസ് ശൂറയിലേക്കുള്ള തിരഞ്ഞെടുപ്പ് 2019 ഒക്ടോബര് മാസം ഈ മാസം 27 ന് ആയിരുന്നു നടന്നത്. 86 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 637 സ്ഥാനാര്ഥികളായിരുന്നു 2019 ഇൽ മത്സര രംഗത്തുണ്ടായിരുന്നത്. ഒമാനിലെ 61 വിലായത്തുകളിലായി തയ്യാറാക്കിയിരുന്ന 110 പോളിംഗ് ബൂത്തുകളിൽ 714,000 വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുകയുണ്ടായി. 715,335 വോട്ടർമാരാണ് തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിരുന്നതും. തിരഞ്ഞെടുക്കപെടുന്ന മജ്‌ലിസ് ശൂറയുടെ കാലാവധി നാല് വർഷമാണ്. 2015ൽ നടന്ന മജ്‌ലിസ് ശൂറാ തിരഞ്ഞെടുപ്പിൽ 611,906 വോട്ടർമാർ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 1991 നവംബർ 12 ന് ആണ് ഒമാനിൽ മജ്‌ലിസ് ശൂറാ നിലവിൽ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...