മസ്കത്ത്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണ തോത് 71 ശതമാനത്തിലെത്തിയെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. നിലവില്‍ 39,000ല്‍ അധികം സ്വദേശികള്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2018 അവസാനത്തിലെ കണക്കനുസരിച്ച് 39,903 സ്വദേശികളാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെത്തില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 71 ശതമാനമാണിത്. 2015 മുതൽ 2019 ജൂൺ വരെ വിദേശികൾക്കു പകരം 2,869 സ്വദേശികൾക്കാണ് മന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ തൊഴിൽ നൽകിയത്. സ്വദേശികളുടെ എണ്ണത്തിൽ എല്ലാ വർഷവും വർദ്ധനവും രേഖപ്പെടുത്തുന്നു. 

എക്സ്‍റേ ടെക്‌നീഷ്യൻ, സ്പീച്ച് തെറപ്പിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നി തസ്തികകളില്‍ നൂറു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ഫാർമസിസ്റ്റ് തസ്തികയിൽ ബിരുദധാരികളായ വിദേശികളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നല്‍ന്നുമുള്ളൂ. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾക്കും നിലവിലെ സാമ്പത്തിക മാറ്റങ്ങൾക്കും ശേഷം തുടർച്ചയായ മൂന്നാം വർഷവും രാജ്യത്തെ ആരോഗ്യ മേഖലയിലെ ചെലവ് കുറഞ്ഞതായും മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശമ്പളമടക്കമുള്ള ആവർത്തന ചെലവുകള്‍ 793.2  ദശലക്ഷം ഒമാനി റിയാലിൽനിന്ന് 674 ദശലക്ഷം റിയാലായി കുറഞ്ഞു. വികസന മേഖലയിൽ 2018ൽ 25.5 ദശലക്ഷം  ഒമാനി റിയാൽ   ചിലവഴിച്ചതായും വാർഷിക റിപ്പോർട്ടിൽ  പറയുന്നു.