സംഗീതത്തെ കുറിച്ചും അതിന്റെ വിവിധ തലങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാൻ ഒമാൻ മ്യൂസിക്കൽ സോണിന്റെ നേതൃത്വത്തില്‍ വേദികളൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മസ്‍കത്ത്: ഒമാനിലെ സംഗീത കലാകാരന്മാർക്ക് വേദികളും അവസരങ്ങളും ഒരുക്കികൊണ്ട് 'ഒമാൻ മ്യൂസിക്കൽ സോൺ' എന്ന പേരിൽ കൂട്ടായ്‌മ നിലവിൽ വന്നു. മസ്‌കറ്റിലെ കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരുമായ ഒരുപറ്റം പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയാണ് 'ഒമാൻ മ്യൂസിക്കൽ സോണിന്റെ' പിന്നിൽ പ്രവർത്തിക്കുന്നത്.
പൊള്ളുന്ന ചൂടിലും മരുഭൂമിയിലെ അസാമാന്യമായ കാലാവസ്ഥയിലും സംഘര്‍ഷങ്ങള്‍ നിറഞ്ഞ തൊഴിലിടങ്ങളിൽ നിന്നും ലഭിക്കുന്ന സമയത്തിനിടയിൽ സംഗീത അഭിരുചിയുള്ള കലാകാരൻമാർക്ക് ഒത്തുകൂടാനായി രൂപീകരിച്ച വേദിയാണിത്.

സംഗീതത്തെ കുറിച്ചും അതിന്റെ വിവിധ തലങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാൻ ഒമാൻ മ്യൂസിക്കൽ സോണിന്റെ നേതൃത്വത്തില്‍ വേദികളൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതുവരെ കേർക്കാത്തതും കേട്ടുമതിവരാത്തതുമായ സിനിമാ ഗാനങ്ങളും ഒപ്പം ലളിത ഗാനങ്ങളും ആലപിക്കുക, ഗാനങ്ങളുടെ രചയിതാവ്, സംഗീത സംവിധായകൻ, പാട്ട് എഴുതാനുണ്ടായ സാഹചര്യം, സംഗീതത്തിന്റെ രാഗം അവയുടെ പ്രത്യേകതകൾ തുടങ്ങിയവയെല്ലാം ഈ കൂട്ടായ്‍മയിൽ ചർച്ച ചെയ്യുവാൻ അവസരം ഉണ്ടാകും.

സംഗീതത്തെ സ്‍നേഹിക്കുന്ന പ്രവാസ ജീവിതത്തിൽ ഒറ്റപ്പെട്ട പലർക്കും ഈ പുതിയ ലോകത്ത് മാനസികമായ ആശ്വാസം നൽകുകയെന്നതാണ് കൂട്ടായ്‍മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. അഡ്വ. പ്രദീപ്‌കുമാർ, പദ്‌മകുമാർ, ഉഷ വടശ്ശേരി, ഷഹനാദ്, ഷാൻ എന്നിവരാണ് ഈ സംഗീത കൂട്ടായ്മയുടെ സാരഥികൾ.
നിലവിൽ സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും, അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഒമാൻ മ്യൂസിക്കൽ സോണിന്റെ വേദികള്‍ ഉപകാരപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഒമാൻ മ്യൂസിക്കൽ സോണുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ (0096) 95829301, 97384565, 97855815, 99449369 എന്നീ മൊബൈൽ ടെലിഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Read also:  ഒമാനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി