രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയാണ് ഒമാനില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് നല്‍കുക. 

മസ്‌കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി സുപ്രീം കമ്മറ്റി നിര്‍ദ്ദേശപ്രകാരമുള്ള രാത്രിയാത്രാ വിലക്ക് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രില്‍ എട്ട് വരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയാണ് ഒമാനില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം) സര്‍വീസ് വാഹനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, രാത്രി ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍, എയര്‍പോര്‍ട്ടുകള്‍, ലാന്റ്പോര്‍ട്ടുകള്‍ എന്നിവയ്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മൂന്ന് ടണ്ണിലധികം ഭാരമുള്ള ട്രക്കുകള്‍, വാട്ടര്‍ ടാങ്കറുകള്‍, സ്വീവേജ് വാട്ടര്‍ ടാങ്കറുകള്‍ എന്നിവയ്ക്കും ഇളവുണ്ടാകും. ഫാക്ടറികളിലും ഗോഡൌണുകളിലും സാധനങ്ങളുടെ കയറ്റിറക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്ന് ജീവനക്കാര്‍ പുറത്തേക്ക് പോവാന്‍ പാടില്ല. അധികൃതരുടെ അനുമതിയോടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍, പൊതു-സ്വകാര്യ മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും ഇളവ് അനുവദിക്കും.